മംഗളൂരു: മംഗളൂരു വിമാനത്താവളത്തിന് പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കണ്ടെത്തി. ടെര്‍മിനല്‍ കെട്ടിടത്തിന് മുന്നിലാണ് ബാഗ് കണ്ടെത്തിയത്. ബാഗ് ഉപേക്ഷിച്ചയാളെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അലെര്‍ട്ട് പ്രഖ്യാപിച്ചു. 

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സിഐഎസ്എഫ് ജീവനക്കാര്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് അലെര്‍ട്ട് പ്രഖ്യാപിക്കുകയും വിമാനത്താവളത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയും ചെയ്തു.

വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഓട്ടോയില്‍ എത്തിയ ഒരാള്‍ ഇന്‍ഡിഗോ ബുക്കിംഗ് സെന്‍ററിന് സമീപം ബാഗ് ഉപേക്ഷിച്ച് അതേ ഓട്ടോയില്‍ തന്നെ മടങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഓട്ടോയുടെയും വ്യക്തിയുടെയും ചിത്രങ്ങള്‍ മംഗളൂരു പൊലീസ് പുറത്തുവിട്ടു. 

പൊലീസ് പുറത്തുവിട്ട ചിത്രങ്ങള്‍