കാവേരി നദീജല തർക്കം; കന്നഡ സംഘടനകളുടെ ബന്ദ് പൂർണം; 44 വിമാനങ്ങൾ റദ്ദാക്കി, സ്തംഭിച്ച് ജനജീവിതം
നിരത്തുകൾ ആളൊഴിഞ്ഞ നിലയിലായിരുന്നു. വളരെക്കുറച്ച് സിറ്റി ബസ്സുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. മെട്രോ, തീവണ്ടി ഗതാഗതം സാധാരണ നിലയിലാണ്.

ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ട് നൽകുന്നതിൽ പ്രതിഷേധിച്ച് കർണാടകയിൽ വിവിധ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പൂർണം. ബെംഗളുരു നഗരത്തിലും കർണാടകയുടെ തെക്കൻ ജില്ലകളിലും ജനജീവിതം സ്തംഭിച്ചു. ബെംഗളുരുവിൽ സ്കൂളുകളും കോളേജുകളും ഓഫീസുകളും ഹോട്ടലുകളും അടഞ്ഞു കിടന്നു. നിരത്തുകൾ ആളൊഴിഞ്ഞ നിലയിലായിരുന്നു. വളരെക്കുറച്ച് സിറ്റി ബസ്സുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. മെട്രോ, തീവണ്ടി ഗതാഗതം സാധാരണ നിലയിലാണ്.
ബെംഗളുരു വിമാനത്താവളത്തിൽ നിന്ന് ഇന്ന് സർവീസ് നടത്തേണ്ടിയിരുന്ന 44 വിമാനങ്ങൾ റദ്ദാക്കി. മുംബൈ, കൊൽക്കത്ത, മംഗളുരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാർ കൂട്ടത്തോടെ ടിക്കറ്റ് ക്യാൻസൽ ചെയ്തതിനാലാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്. ബെംഗളുരു നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മണ്ഡ്യ, ഹാസൻ, രാമനഗര അടക്കമുള്ള കാവേരീതീരത്തെ ജില്ലകളിലും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ കോലം കത്തിച്ചുൾപ്പടെ പ്രതിഷേധിച്ചു.
കൃഷ്ണഗിരി ജില്ലയിലെ കർണാടക - തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ബസ്സുകൾ നിർത്തിയിട്ടിരിക്കുകയാണ്. ബെംഗളുരുവിൽ നിന്നടക്കം ഇന്ന് തമിഴ്നാട്ടിലേക്ക് ഒരു ബസ് സർവീസുമുണ്ടാകില്ല. കന്നഡ സിനിമാ പ്രവർത്തകരും ഇന്ന് ബെംഗളുരുവിലെ ഫിലിം ചേംബറിൽ ബന്ദിന് പിന്തുണയുമായി പ്രതിഷേധം നടത്തി. ബന്ദോടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കന്നഡ സംഘടനകൾ പറയുന്നത്. ഒക്ടോബർ 5-ന് ബെംഗളുരുവിൽ നിന്ന് കെആർഎസ് ഡാമിലേക്ക് പദയാത്ര നടത്തുമെന്ന് കന്നഡ ഒക്കൂട്ടയുടെ നേതാവ് വിട്ടല നാഗരാജ് പ്രഖ്യാപിച്ചിട്ടുണ്ട്.
കാവേരി നദീജല തർക്കം; കർണാടക ബന്ദ് തുടങ്ങി, അവധി പ്രഖ്യാപിച്ച് സ്കൂളുകൾ, നഗരത്തിൽ നിരോധനാജ്ഞ