ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്ത് അനധികൃതമായി നിർമ്മിച്ച നിർമ്മിതികളും ബാരിക്കേഡുകളും പൊളിച്ചുനീക്കി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകൾ പാകിസ്ഥാൻ നീക്കം ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നടപടി.

ദില്ലി: ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്തെ അനധികൃത നിർമ്മാണങ്ങളും ബാരിക്കേഡുകളും പൊളിച്ചുനീക്കി. അനുവദനീയമായ സ്ഥലം ലംഘിച്ചാണ് ഇവ നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ സെക്യൂരിറ്റി ബാരിക്കേഡുകളും പാർക്കിംഗ് പോളുകളും പാകിസ്ഥാൻ നീക്കം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നടപടി.

പാകിസ്ഥാൻ എംബസിക്ക് പുറത്ത് പാതയോരത്ത് സ്ഥാപിച്ചിരുന്ന നിർമ്മിതികളും ബാരിക്കേഡുകളും ബുൾഡോസർ ഉപയോഗിച്ചാണ് നീക്കം ചെയ്തത്. വിസ വിഭാഗത്തിന് സമീപം ആളുകളെ നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പൊളിച്ചു നീക്കിയ സ്ഥലത്ത് കോൺക്രീറ്റ് അവശിഷ്ടങ്ങൾ, തകർന്ന ഇരുമ്പ് കൈവരികൾ, വാതിലുകൾ, ഫ്രെയിമുകൾ, റൂഫിംഗ് ഷീറ്റുകൾ, ഇഷ്ടികകൾ എന്നിവ ചിതറിക്കിടക്കുകയാണ്.

കെട്ടിടത്തിന്‍റെ പുറംഭാഗത്തെ മേൽക്കൂരയും ലോഹ വേലികളും അടക്കം തകർത്തു. സർവീസ് വിൻഡോകൾക്ക് ചുറ്റുമുള്ള ഭിത്തിയുടെ പ്ലാസ്റ്ററിംഗും തകർന്ന നിലയിലാണ്. തകർന്ന വേലികളും നിർമ്മാണ സാമഗ്രികളും കൗണ്ടറുകൾക്ക് ചുറ്റും ചിതറിക്കിടപ്പുണ്ട്. അതേസമയം പാക് ഹൈക്കമ്മീഷന്റെ പ്രധാന പ്രവേശന കവാടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

Scroll to load tweet…