Asianet News MalayalamAsianet News Malayalam

യെദിയൂരപ്പയുടെ വിശ്വസ്തന്‍; കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്‍യുടെ സത്യപ്രതിജ്ഞ ഇന്ന്

 രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ഇന്നലെ ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോ​ഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയ്‍യെ തെരഞ്ഞെടുത്തത്. 

Basavaraj Bommai karnataka cm oath taking today
Author
Bengaluru, First Published Jul 28, 2021, 1:32 AM IST

ബെംഗളൂരു: ബസവരാജ് ബൊമ്മയ് കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്  ഇന്ന് അധികാരമേല്‍ക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ഇന്നലെ ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോ​ഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയ്‍യെ തെരഞ്ഞെടുത്തത്. 

കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിം​ഗിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതിന് ശേഷം ഗവര്‍ണര്‍ തവര്‍ച്ഛന്ദ് ഗെലോട്ടിനെ ബസവരാജ് രാജ്ഭവനിലെത്തി കണ്ടിരുന്നു. ഹൂബ്ബള്ളിയിൽ നിന്നുള്ള എംഎൽഎയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ  ബി എസ് യെദിയൂരപ്പയുടെ വിശ്വസ്തനുമാണ്. 

യെദിയൂരപ്പ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്‍റെ പേര് നി‍ർദേശിച്ചത്. ഈ പേര് യോ​ഗത്തിൽ പങ്കെടുത്ത എല്ലാവരും അം​ഗീകരിക്കുകയായിരുന്നു. മുഴുവൻ എംഎൽഎമാരും തീരുമാനം അം​ഗീകരിച്ചതോടെ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കുക എന്ന ഭാരിച്ച ദൗത്യം കേന്ദ്ര നേതൃത്വത്തിനും പൂ‍ർത്തിയാക്കാനായി. 

യെദിയൂരപ്പയുടെ അഭിപ്രായം കൂടി പരിഗണിച്ചേ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് അരുൺ സിംഗ് യോ​ഗത്തിന് മുൻപ് പറഞ്ഞിരുന്നു. പുതിയ സ‍ർക്കാരിൽ യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രിമാർ വരെയുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. യെദിയൂരപ്പ പടിയിറങ്ങുന്നതിൽ അതൃപ്തിയുള്ള ലിം​ഗായത്ത് സമുദായത്തെ ഒപ്പം നിർത്തുന്നതോടൊപ്പം ഇതര സമുദായങ്ങൾക്കും പുതിയ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമമുണ്ടാവും. 

അതേസമയം ജെഡിഎസ് -കോൺ​ഗ്രസ് പാർട്ടികളിൽ നിന്നും യെദിയൂരപ്പ ചാടിച്ചു കൊണ്ടു വന്ന് മന്ത്രിസ്ഥാനം നൽകിയ എംഎൽഎമാ‍രുടെ തുടർനീക്കങ്ങൾ എന്താവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഇവർ കലാപത്തിനൊരുങ്ങാൻ സാധ്യതയുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios