പുതുച്ചേരി: പുതുച്ചേരി ക്ഷേത്രത്തിന് മുമ്പില്‍ നിന്ന് കണ്ടെത്തിയ യാചകയുടെ കൈവശം 12,000 രൂപ, ബാങ്ക് അക്കൗണ്ടില്‍ 2 ലക്ഷം രൂപയും. ആധാര്‍ കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെത്തി. പര്‍വതം എന്ന 70-കാരിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. ക്ഷേത്രത്തില്‍ വരുന്ന ആളുകളോട് യാചിച്ച് ലഭിച്ച പണമാണിതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

തമിഴ്നാട്ടിലെ കള്ളികുറിച്ചി സ്വദേശിയായ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ 2 ലക്ഷം രൂപയും കയ്യില്‍ നിന്ന് 12,000 രൂപയും ഉണ്ടായിരുന്നതായി എസ്പി മാരന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ അന്നുമുതല്‍ പുതുച്ചേരിയിലെ തെരുവുകളില്‍ അലയുകയായിരുന്നു. എട്ടു വര്‍ഷത്തിലേറെയായി പര്‍വതം ക്ഷേത്രപരിസരത്ത് താമസിച്ച് ഭക്തര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജീവിച്ചതെന്ന് പരിസരവാസിയായ കച്ചവടക്കാരന്‍ പൊലീസിനോട് പറഞ്ഞു. പര്‍വതത്തെ പിന്നീട് പൊലീസ് അവരുടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.