ദില്ലി: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നത് ദുര്‍ബലരായതുകൊണ്ടാണെന്ന് കരുതരുതെന്നും എല്ലായിടത്തും സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന യുദ്ധവിരോധികളായ രാജ്യമാണ് ഞങ്ങളുടേതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

സമാധാന പ്രിയരായി ഇരിക്കുന്നത് കൊണ്ട് ഞങ്ങൾ ദുർബലരാണെന്നോ, രാജ്യ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും എതിരായ ബാഹ്യഭീഷണികളെ കണക്കിലെടുക്കാത്തവരാണെന്നോ കരുതരുത്. ഞങ്ങളുടെ പുരോഗതി തകരാറിലാക്കുന്ന ഭിന്നതയുടെ ഇത്തരം വിനാശകരമായ   പ്രവണതകളെയും ശക്തികളെയും കുറിച്ച് പൂർണമായി അറിയാം. അത്തരം നടപടികളെ വച്ചുപൊറുപ്പിക്കില്ല. സൈനിക നീക്കത്തിന് ഞങ്ങൾ നിർബന്ധിതരായതാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചതിൽ ഞങ്ങൾ വളരെയേറെ സന്തുഷ്ടരാണ്. ഭീകരവാദത്തെ വെറുതെ നോക്കിയിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യാ ഫൗണ്ടേഷന്റെ കൗടില്യ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 രാജ്യങ്ങളിൽ നിന്നുളള ഗവേഷകരും നയതന്ത്ര വിദഗ്ദ്ധരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യ, ഐക്യരാഷ്ട്ര സഭയിൽ വച്ച അന്താരാഷ്ട്ര ഭീകരവാദത്തെ ഇല്ലാതാക്കാനുളള കോംപ്രിഹെൻസീവ് കൺവൻഷനിൽ ഒപ്പുവയ്ക്കാൻ എല്ലാ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.