ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അർധ രാത്രിവരെ നീളും. തലസ്ഥാന നഗരിയിൽ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും ഇന്ന് സർവീസ് നിർത്തും.

ബെം​ഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിന്റെ ശക്തി പദ്ധതി തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്നാരോപിച്ച് ബെം​ഗളൂരുവിൽ ബന്ദ് നടത്തി സ്വകാര്യ ബസുടമകളുടെ സംഘടനയായ കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഫെഡറേഷൻ. ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അർധ രാത്രിവരെ നീളും. തലസ്ഥാന നഗരിയിൽ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും ഇന്ന് സർവീസ് നിർത്തും. ബന്ദിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാരിന്റെ അഞ്ച് വാ​ഗ്ദാനങ്ങളിലൊന്നായ ശക്തി പദ്ധതിയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ വാഹന ഉടമകൾ ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തത്. പദ്ധതി തങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് സ്വകാര്യ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ പറയുന്നു. പ്രീമിയം അല്ലാത്ത സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി.

സ്വകാര്യ ഗതാഗത പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. പണിമുടക്ക് കാരണം ടാക്സികൾ, മാക്സി ക്യാബുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ റിക്ഷകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

Read More.... വർഷമായി പാർട്ടിയിൽ പദവിയില്ല, CWC തെരഞ്ഞെടുപ്പിൽ പൊരുത്തക്കേട്, മാനസിക വിഷമമുണ്ടായി: ചെന്നിത്തല

 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാ​ഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. പദ്ധതി ബിഎംടിസി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അർഹരായ ഗുണഭോക്താക്കളിലേക്കും ശക്തി പദ്ധതി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങൾക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിർദേശിച്ചിരുന്നു.