ബെംഗളൂരു: തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഐഎസ്ഐഎസിന് വേണ്ടി മൊബൈല്‍ ആപ്പ് നിർമിച്ച ഡോക്ടർ ബെംഗളൂരുവില്‍ എന്‍ഐഎയുടെ പിടിയിലായി. ബസവനഗുഡി സ്വദേശി അബ്ദുൾ റഹമാനാണ് പിടിയിലായത്. സിറിയയിലെ സംഘർഷ മേഖലകളില്‍ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനായി ഇയാൾ ആപ്പുകൾ വികസിപ്പിച്ചിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി.

ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഡോ. അബദുൾ റഹ്മാനാണ് പിടിയിലായത്. ഇറാക്കിലെയും സിറിയയിലെയും സംഘർഷ മേഖലകളില്‍ ഐഎസ് തീവ്രവാദികൾക്ക് ഉപയോഗിക്കാനായി ചികിത്സാ വിവരങ്ങളടങ്ങിയ ആപ്പും, ആയുധങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആപ്പുമാണ് അബ്ദുൾ റഹമാന്‍ വികസിപ്പിച്ചിരുന്നതെന്ന് എന്‍ഐഎ പറയുന്നു.

ഗൂഢാലോചനയില്‍ പങ്കെടുക്കാന്‍ മെസേജിങ് ആപ്പുകൾ വഴി കശ്മീരിലെയും സിറിയയിലെയും തീവ്രവാദികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. 2014ല്‍ സിറിയയിലെ ഐഎസ് ക്യാമ്പിലെത്തിയ ഇയാൾ പത്ത് ദിവസത്തോളം ക്യാമ്പില്‍ കഴിഞ്ഞ് പരിക്കേറ്റ ഐഎസ് തീവ്രവാദികളെ ചികിത്സിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു. കർണാടക പോലീസുമായി ചേർന്ന് ബെംഗളൂരുവില്‍ മൂന്നിടങ്ങളില്‍ പരിശോധന നടത്തിയ എന്‍ഐഎ മൊബൈല്‍ഫോണും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. കശ്മീരില്‍നിന്നും തീവ്രവാദ സംഘടനകളുമായി ബന്ധംപുലർത്തിയതിന് പിടിയിലായ ദമ്പതികളില്‍ നിന്നുമാണ് കേസിന്‍റെ തുടക്കം. പൂനെയിലും ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. അതേസമയം അബ്ദുൾ റഹമാന്‍റെ തീവ്രവാദ ബന്ധത്തെ കുറിച്ച് തങ്ങൾക്ക് യാതൊരറിവുമില്ലെന്ന് എംഎസ് രാമയ്യ മെഡിക്കല്‍ കോളേജ് അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.