സ്യൂട്ട്കേസിന് 30 രൂപ അധികമായി നൽകേണ്ടിവന്നുവെന്നാണ് യുവാവിന്‍റെ പരാതി. ലഗേജ് പോളിസിയിലെ അവ്യക്തത ചൂണ്ടിക്കാട്ടി നിരവധി പേർ പരാതിയെ പിന്തുണച്ചു.
ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ ലഗേജിന് ഭാരക്കൂടുതലാണെന്ന് പറഞ്ഞ് അമിത ചാർജ് ഈടാക്കിയെന്ന പരാതിയുമായി യാത്രക്കാരൻ. സ്യൂട്ട്കേസിന് 30 രൂപ അധികമായി നൽകേണ്ടിവന്നുവെന്നാണ് യുവാവിന്‍റെ പരാതി. പിന്നാലെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
അവിനാഷ് ചഞ്ചൽ എന്ന യാത്രക്കാരനാണ് ബെംഗളൂരു മെട്രോയ്ക്കെതിരെ രംഗത്തെത്തിയത്- "ഈ ബാഗിന് ബെംഗളൂരു മെട്രോയിൽ 30 രൂപ നൽകേണ്ടി വന്നതിൽ എനിക്ക് അതിശയം തോന്നുന്നു. ബെംഗളൂരു മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയതാണ്. അതിന്‍റെ കൂടെയാണ് അമിത ഭാരം അടിച്ചേൽപ്പിക്കുന്നത്. ആളുകളെ മെട്രോയിൽ നിന്ന് അകറ്റി നിർത്തുന്നത് ഇതുപോലുള്ള കാര്യങ്ങളാണ്."
നിരവധി പേർ പോസ്റ്റിനെ അനുകൂലിച്ചപ്പോൾ എതിർത്ത് ചിലർ രംഗത്തെത്തി. വലിയ ബാഗുകൾ വെക്കാൻ മെട്രോക്കുള്ളിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുന്നുവെന്നും ഇതൊഴിവാക്കാൻ നിരക്ക് ഈടാക്കുന്നത് സഹായിക്കുമെന്നും ചിലർ പറയുന്നു. സ്കാനറിനുള്ളിൽ പോലും കൊളളാത്ത ബാഗാണെങ്കിൽ ചാർജ് നൽകേണ്ടി വരുമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. മെട്രോയിൽ സുഗമമായി യാത്ര ചെയ്യാനാണ് ഇത്തരം നിയന്ത്രണങ്ങൾ എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നൽകുന്ന വിവരം അനുസരിച്ച്, സ്റ്റാൻഡേർഡ് സ്കാനറുകളിലൂടെ കടന്നുപോകാത്തതോ നിർദ്ദിഷ്ട ഭാരം കവിയുന്നതോ ആയ ലഗേജുകൾക്ക് 30 രൂപ അധിക ചാർജ് ഈടാക്കും. പക്ഷേ നിർദിഷ്ട ഭാരം എന്ന് പറഞ്ഞാൽ എത്രയെന്ന് വ്യക്തത ഇല്ല. ലഗേജ് സൂക്ഷിക്കാൻ പ്രത്യേക സ്ഥലവും മെട്രോയിൽ ഇല്ല.
അധിക ലഗേജ് പോളിസി നടപ്പാക്കലിലെ അവ്യക്തതയെ കുറിച്ച് പരാതികൾ ഉയർന്നതിനെ തുടർന്ന്, ഹൈദരാബാദ് മെട്രോ 2022-ൽ അവരുടെ ലഗേജ് നയം പരിഷ്കരിച്ചിരുന്നു. എന്നാൽ ബെംഗളൂരു മെട്രോയിലെ ലഗേജ് പോളിസിയിൽ വ്യക്തതയില്ല. ലഗേജ് റാക്കുകൾ സ്ഥാപിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
