ദില്ലി: സുവർണ ക്ഷേത്രത്തിലെ ആസ്ഥാന ഗായകനായിരുന്ന ഭായി നിർമൽ സിങ് ഖൽസ കൊവിഡ് ബാധിച്ചു മരിച്ചു. 69 വയസായിരുന്നു. കൊവിഡ് രോഗത്തിന് ഗുരുനാനാക് ദേവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. രാജ്യം 2009 ൽ പത്മശ്രീ നല്‍കി ആദരിച്ച ഗായകനാണ്. ഇതോടെ പഞ്ചാബിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി. 

അമേരിക്കയില്‍ നിന്നുള്ള രണ്ട് കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് 3 ന്  ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ വിദേശത്ത് നിന്നും എത്തിയതായിരുന്നതിനാൽ ഇവര്‍ വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇവരിൽ നിന്നാകാം രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം.  ഇവരുടെ സന്ദര്‍ശനത്തിന് പിന്നാലെ മാര്‍ച്ച് 19 തിന് ചണ്ഡിഗഡിലെ 100 ഓളം പേര്‍ പങ്കെടുത്ത ഒരു പരിപാടിയിലും ഭായി നിർമൽ സിങ് ഖൽസ പങ്കെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സമടക്കം അനുഭവപ്പെട്ടിരുന്നുവെന്നും പെട്ടന്നുണ്ടായ ഹൃദയസ്തംഭനം മൂലമായിരുന്നു മരണമെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.