Asianet News MalayalamAsianet News Malayalam

പ്രതിഛായ മാറ്റി രാഹുൽ,കോൺഗ്രസ് പ്രതിപക്ഷത്തെ നയിക്കുമോ?ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

ഗൌരവമില്ലാത്ത നേതാവ് എന്ന വിമർശനങ്ങളിൽ നിന്നും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് താനെന്ന് പ്രതിഛായയിലേക്ക് ഉയരാൻ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിക്കായി. നടന്നു തീർത്ത വഴികളില്ലാം എല്ലാം കോൺഗ്രസിന്റെ ഭാവി തനിൽ സുരക്ഷിതമാണെന്ന സന്ദേശവും രാഹുൽ പ്രവർത്തകർക്ക് നൽകി

Bharat Jodo Yatra concludes
Author
First Published Jan 30, 2023, 5:53 AM IST


ദില്ലി :5 മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.ജമ്മു കശ്മീർ പി സി സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട് മണി വരെ നീളുന്ന സമ്മേളനത്തിൽ 11 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.പ്രധാന കക്ഷികൾ വിട്ടുനിൽക്കുന്നത് കോൺഗ്രസിന്‍റെ സഖ്യനീക്കങ്ങൾക്ക് ക്ഷീണമായി 

 

136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോ‍ഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര. 

2022 സെപ്റ്റംബർ 7 ന് ആണ് രാഹുല്‍ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ തുടങ്ങുന്നത്. ആർഎസ്എസ് നിക്കറിന് തീ പിടിക്കുന്ന ചിത്രം പുറത്ത് വിട്ട് തുടക്കം വലിയ രാഷ്ട്രീയ യാത്രയെന്ന സൂചന അതോടെ കൈവന്നെങ്കിലും പിന്നീട് കോണ്‍ഗ്രസ് ലെവല്‍ താഴ്ത്തിപ്പിടിച്ചു.

 

നാല് ദിവസത്തെ തമിഴ്നാട് പര്യടത്തിന് ശേഷം സെപ്റ്റംബർ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. എംപിയായ സംസ്ഥാനത്ത് വലിയ വരവേല്‍പ്പ് രാഹുലിന് ലഭിച്ചു. രാഹുല്‍ഗാന്ധിയുടെ സംസ്ഥാന സർക്കാരിനെതിരായ വിമർശനം. സിപിഎമ്മിന്‍റെ കണ്ടെയ്നർ യാത്രയെന്ന പരിഹാസം തുടങ്ങിയവ ചർച്ചയായി. സ്വാതന്ത്രസമരസേനാനികളുടെ ഒപ്പം കോണ്‍ഗ്രസ് പ്രവർത്തകർ സവർക്കറുടെ ചിത്രം വെച്ചതും 18 ദിവസത്തെ സംസ്ഥാനത്തെ യാത്രക്കിടെ ചർച്ചയായി

 

സെപ്റ്റംബർ 30ന് യാത്ര കർണാടകയിലേക്ക് കയറി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ധരാമയയ്യേയും ഡികെ ശിവകുമാറിനെയും ചേർത്ത് പിടിക്കാനുള്ള രാഹുലിന്‍റെ ശ്രമമായിരുന്നു കൗതുകകരം. സോണിയഗാന്ധി യാത്രയുടെ ഭാഗമായത് രാഹുലിനും പാര്‍ട്ടിക്കും ഊർജ്ജമായി. ബെല്ലാരിയില്‍ വച്ച് യാത്ര ആയിരം കിലോമീറ്റർ പിന്നിട്ടു.

നവംബർ ഏഴിന് മഹാരാഷ്ട്രയില്‍ കടന്നു. സംസ്ഥാനത്തെ സഖ്യകക്ഷികളായ എൻസിപി, ശിവസേന പാര്‍ട്ടികള്‍ യാത്രയില്‍ ഭാഗമായത് കോണ്‍ഗ്രസിന് നേട്ടമായി. 14 ദിവസമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര പദയാത്ര നടത്തിയത്. ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു സവർക്കർ എന്ന രാഹുലിന്‍റെ വിമർശനം ഇവിടെ വച്ചാണ്.

നവംബർ 23 ന് ഭാരത് ജോഡോ മധ്യപ്രദേശില്‍ എത്തി. പ്രിയങ്കഗാന്ധി രാഹുലിനൊപ്പം ചേർന്നത് ഇവിടെ വച്ചാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന സംസ്ഥാനത്ത് കമല്‍നാഥിന് ഒപ്പം ശക്തിപ്രകടനത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. രാഹുലിന്‍റെ താടിയെ കുറിച്ചുള്ള ബിജെപി പരിഹാസം ഈ സമയത്താണ്.

ഡിസംബർ 4 ന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍. പരസ്പരം ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒരുമിച്ച് നിര്‍ത്തി പ്രശ്നങ്ങള്‍ ഇല്ലെന്ന് രാഹുല്‍ പ്രകടിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവെക്കണെന്ന് ആരോഗ്യമന്ത്രി വിമർശിച്ചതും ഇതിനിടെയാണ്. ഡിസംബർ 13 ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ യാത്രിലെത്തി. 16ന് ഭാരത് ജോഡോ നൂറ് ദിവസം തികച്ചു.

21 ഡിസംബറില്‍ ഹരിയാനയില്‍ കയറി 24 ന് ദില്ലിയിലെത്തി. ദില്ലിയിലെ ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് വലിയ റാലി സംഘടിപ്പിച്ചു. സിനിമതാരം കമല്‍ ഹാസൻ യാത്രയിലെത്തി. ഇതിന് ശേഷം 9 ദിവസത്തെ ഇടവേള. ഉത്തർപ്രദേശില്‍ എന്തുകൊണ്ടു പോകുന്നില്ലെന്ന വിമർശനം നില്‍ക്കെ ജനുവരി 3ന് യുപിയിലൂടെ അഞ്ച് ദിവസം യാത്ര കടന്നു പോയി. തണുപ്പ് കാലത്തും രാഹുല്‍ ടീ ഷർട്ട് മാത്രം ധരിച്ച് യാത്ര ചെയ്യുന്നത് ചർച്ചയായി. അയോധ്യ രാം ക്ഷേത്രത്തിലെ മുഖ്യ പൂജരി ആചാര്യ സത്യേന്ദ്രദാസ് രാഹുലിന് ആശംസ നേർത്ത് കത്തയച്ചു.

ജനുവരി പത്തിന് പഞ്ചാബിലെത്തിയ രാഹുല്‍ സുവർണക്ഷേത്രം സന്ദർശിച്ചു. യാത്രക്കിടെ എംപി സന്തോക് സിങ് ചൗധരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.11 ദിവസമായിരുന്നു പഞ്ചാബ് പര്യടനം. കശ്മീരില്‍ വച്ചാണ് ഭാരത് ജോ‍ഡോയിലെ ഏറ്റവും വലിയ വിവാദം രാഹുലും കോണ്‍ഗ്രസും നേരിട്ടത്. സർജിക്കല്‍ സ്ട്രൈക്കിന് ദിഗ്‍വിജയ് സിങ് തെളിവ് ചോദിച്ചത് ബിജെപി ആയുധമാക്കി. ഒടുവില്‍ രാഹുലിന് ദിഗ്‍വിജയ് സിങിനെ തള്ലിപ്പറയേണ്ടി വന്നു. സമാപിക്കാനിരിക്കെ രാഹുലിന്‍റെ സുരക്ഷ പ്രശ്നം ലാല്‍ ചൗക്കിലെ പതാക ഉയർത്തലുമായിരുന്നു പ്രധാന സംഭവങ്ങള്‍ ഒടുവില്‍ 136 ദിവസം നാലായിരത്തിലധികം പിന്നിട്ട് ജനുവരി മുപ്പതിന് സമാപനം

ഗൌരവമില്ലാത്ത നേതാവ് എന്ന വിമർശനങ്ങളിൽ നിന്നും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് താനെന്ന് പ്രതിഛായയിലേക്ക് ഉയരാൻ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിക്കായി. നടന്നു തീർത്ത വഴികളില്ലാം എല്ലാം കോൺഗ്രസിന്റെ ഭാവി തനിൽ സുരക്ഷിതമാണെന്ന സന്ദേശവും രാഹുൽ പ്രവർത്തകർക്ക് നൽകി. ഇതുവരെ ഇന്ത്യൻ രാഷ്ട്രീയം കണ്ട രാഹുലിൽ നിന്നും തീർത്തും വ്യത്യസ്തനായ നേതാവിനെയാണ് കോൺഗ്രസ് ഇനി പ്രതീക്ഷിക്കുന്നത്

ഇതുവരെ നിങ്ങളുടെ മനസിലുള്ള രാഹുൽ ഗാന്ധിയല്ലത്. ആ രാഹുൽ മരിച്ചിരിക്കുന്നു. യാത്രക്കിടെ വാർത്തസമ്മേളനത്തിൽ രാഹുൽ നടത്തിയ പ്രസ്താവന ഭാവി ചുവടുകളിലേക്കുള്ള സൂചനയാണ്.

എംപിയായി പാർലമെന്റിൽ പ്രസംഗിച്ചപ്പോഴും കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചപ്പോളും രാഹുൽ ഗാന്ധിയെ ബിജെപിയടക്കം ഭരണപക്ഷം പരിഹാസത്തിന്റെ നിഴയിലാണ് നിർത്തിയിരുന്നത്. രാഷ്ട്രീയം പറയാതെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാൻ എന്ന സന്ദേശവുമായി രാഹുൽ യാത്ര തുടങ്ങുമ്പോൾ കശ്മീർ വരെ രാഹുലിന് നടന്ന് തീർക്കാനാകില്ലെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു. എന്നാൽ ലാൽ ചൌക്കിൽ തന്റെ മുത്തഛൻ പതാക ഉയർത്തിയിടത്ത് പതാക ഉയർത്തി രാഹുൽ ഗാന്ധി മറുപടി പറഞ്ഞു. തെക്കേ ഇന്ത്യ കടന്നാൽ രാഹുലിന് ചലനമുണ്ടാക്കാനാകില്ലെന്നായിരുന്നു വിലയിരുത്തൽ, എന്നാൽ മഹാരാഷ്ട്ര, മധ്യപ്രദേശ് ,രാജസ്ഥാൻ, ദില്ലി ഹരിയാന പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തകർക്കൊപ്പം സാധാരണക്കാരും രാഹുലിനെ കാണാൻ അണിനിരന്നു. പതിനായിരങ്ങൾ അണിനിരന്നു.കൈ ഉയർത്തി രാഹുൽ അഭിവാദ്യം ചെയ്യുമ്പോൾ കരഘോഷത്തോടെയാണ് ആളുകൾ അതിനെ സ്വീകരിച്ചത്. 

യാത്രക്കിടെ നടത്തിയ പൊതുസമ്മേളനങ്ങളിൽ രാഹുൽ കേന്ദ്രത്തെയും ബിജെപിയെയും കടന്നാക്രമിച്ചു. പല വിവാദവിഷയങ്ങളിലും രാഹുൽ നിലപാട് അറിയിച്ചു. കശ്മീരി പണ്ഡിറ്റുകളെ കാട്ടി വോട്ട് വാങ്ങിയ ബിജെപി അവർക്കായി എന്ത് ചെയ്യതെന്ന ചോദ്യവും അവസാനം ഉയർത്തി. യാത്രക്കിടെ അടുത്ത് എത്തുന്നവരെ കെട്ടിപിടിച്ചും കൈ പിടിച്ചും നടന്നും താൻ അപ്രാപ്യൻ എന്ന പ്രതിഛായയും രാഹുൽ മാറ്റി

വെള്ളടീഷർട്ട് അണിഞ്ഞ പ്രതികൂല കാലാവസ്ഥയും അതീജീവിച്ച് രാഹുൽ നടത്തിയ യാത്രക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ പ്രതിഛായ മാറ്റം ബിജെപിയ്ക്കും വെല്ലുവിളിയാണ്. ഇനി പപ്പുവെന്ന് വിളിക്കാൻ ബിജെപിക്ക് അത്ര എളുപ്പുമാകില്ല. ആർക്കും സമീപിക്കാവുന്ന കരുത്തുനും സ്നേഹമുള്ള സാധാരണക്കാരാനാണ് താൻ എന്ന് രാഹുൽ രാജ്യത്തോട് പറഞ്ഞിരിക്കുന്നു. എന്നാൽ പ്രതിഛായ വർധിപ്പിച്ച രാഹുൽ ഗാന്ധിയെ മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പിൽ ഇനി കോൺഗ്രസിന് എന്തുനേടാനാകുമെന്ന ചോദ്യത്തിന് കൂടി മറുപടി ലഭിക്കേണ്ടിരിക്കുന്നു.


ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയെ അടിമുടി മാറ്റിയെന്ന് നേതാക്കൾ വാദിക്കുമ്പോഴും കോൺഗ്രസ് പാർട്ടിക്ക് ഉയിർത്തെഴുന്നേൽപ്പുണ്ടാകുമോയെന്ന ചോദ്യം ബാക്കിയാണ്. പത്ത് സംസ്ഥാനങ്ങളിൽ നിയമസഭാ തെര‍ഞ്ഞെടുപ്പും നിർണായക ലോകസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ യാത്രയുടെ ഊർജം പാർട്ടി എത്രത്തോളം നിലനിർത്തുമെന്നത് പ്രധാനമാണ്.

വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും രാഹുൽ ഭാരത് ജോഡോ യാത്രയിലൂടെ മറുപടി നൽകിയെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് സംഘടനാ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് യാത്ര പൂർത്തിയാക്കുന്നത്. പക്ഷേ യാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയിൽ തമ്മിലടി തുടരുന്നത് കേരളത്തിലടക്കം കണ്ടു. തെരഞ്ഞെടുപ്പടുത്ത രാജസ്ഥാനിലും കർണാടകയിലും പോലും നേതാക്കൾ ഒറ്റക്കെട്ടല്ല. വിശാല പ്രതിപക്ഷ ഐക്യത്തെ നയിക്കാൻ കോൺഗ്രസ് എത്രത്തോളം പ്രാപ്തമാണെന്ന് സംശയിക്കാൻ ഉദാഹരണങ്ങളേറെ. കൂടുതൽ പാർട്ടികളെയും ഒപ്പം നിറുത്തി സഖ്യം വിപുലപ്പെടുത്താനും നിലവിലെ കോൺഗ്രസിന്റെ പ്രതിച്ഛായയിലൂടെ സാധിക്കുമോയെന്നത് സംശയമാണ്. കോൺഗ്രസിനെ ഒഴികെയുള്ള പ്രതിപക്ഷപാർട്ടികൾ ഒരുമിക്കുന്ന ചടങ്ങുകളും കൂടിവരുന്നു. വിഭജിച്ചു നിൽക്കുന്ന കക്ഷികൾ കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിന് തയാറാകുമോയെന്നതും നിർണായകമാണ്.

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാധാരണ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ജോഡോ യാത്ര പൂർത്തിയാകുമ്പോൾ ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള മനോഭാവത്തിൽ കാതലായ മാറ്റം വരുമെന്നാണ് പാർട്ടിയിലെ നേതാക്കളുടെ പ്രതീക്ഷ. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെയുള്ള ഹാഥ് സേഹാഥ് അഭിയാൻ, പ്രിയങ്കാ ഗാന്ധി നയിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മഹിളാ മാർച്ച് എന്നിവയുണ്ടാകും. ഇത് താഴെത്തട്ടിൽ കൂടുതൽ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്. രാഹുൽ ഗാന്ധി തന്നെ വീണ്ടും പ്രചാരണപരിപാടികളുമായി രംഗത്തെത്തുമെന്ന സൂചനയുണ്ട്. സഖ്യസാധ്യതകളിലായിരിക്കും കോൺഗ്രസ് കൂടുതൽ ശ്രദ്ധിക്കുക

'ഭാരത് ജോഡോ യാത്ര വിജയം; ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം', എല്ലാവർക്കും നന്ദിയറിയിച്ച് രാഹുൽ ഗാന്ധി

Follow Us:
Download App:
  • android
  • ios