നരെയ്ന്‍ഗര്‍ഹ്: ഭാരത്  മാതാ കീ ജയ് എന്ന് വിളിക്കുന്നവരും സോണിയ ഗാന്ധി കീ ജയ് എന്ന് പറയുന്നവരും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ മനസിലാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഹരിയാനയില്‍ നരെയ്ന്‍ഗര്‍ഹ് മണ്ഡലത്തിലാണ് ഖട്ടര്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ ഗുരുഗണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സുഖ്ഭീര്‍ ഖട്ടാരിയയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഭാരത് മാതാ കീ ജയ് എന്നതിന് പകരം സുഖ്ഭീര്‍, സോണിയ, ഭൂപീന്ദര്‍ ഹൂഡ കീ ജയ് എന്ന് വിളിക്കണമെന്ന് ഖട്ടാരിയ പറയുന്നതാണ് വീഡിയോ.

എന്നാല്‍, ഇത് വ്യാജമാണെന്നും എഡിറ്റ് ചെയ്തതാണെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. ഈ വിവാദത്തിന് മൂര്‍ച്ഛ കൂട്ടാനാണ് ഖട്ടര്‍ നരെയ്ന്‍ഗര്‍ഹില്‍ ശ്രമിച്ചത്. ആ വീഡിയോ വ്യാജമാണെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയും, അത് സോണിയ ഗാന്ധിയെ ദേഷ്യം പിടിപ്പിക്കും എന്നത് കൊണ്ടാണ്. പക്ഷേ, ആ വീഡിയോ സത്യമാണെന്ന് പറഞ്ഞാല്‍ ജനങ്ങളാണ് കുപിതരാവുക. നെഹ്റു-ഗാന്ധി കുടുംബത്തിന് ഉപരിയായി കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ലെന്നും ഖട്ടര്‍ പറഞ്ഞു.