ഹൈദരാബാദ്: പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിൽ പങ്കെടുക്കാൻ എത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസ്. ഹൈദരാബാദിലെ ലങ്കർഹൗസിൽ നടക്കാനിരുന്ന സമരത്തിന് പൊലീസും ജില്ലാ ഭരണകൂടവും അനുമതി നൽകിയിരുന്നില്ല. അനുമതിയില്ലാത്ത സമരത്തിൽ പങ്കെടുക്കുന്നത് തടയാനാണ് ആസാദിനെ കരുതൽ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഹൈദരാബാദിലെ ഹോട്ടലിൽ നിന്നാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ആസാദിന് ഇന്നും നാളെയുമായി പരിപാടികളുണ്ടായിരുന്നു ഹൈദരാബാദിൽ. ഇതിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും തിരികെ അയക്കുമെന്നുമാണ് സൂചന. 

ദില്ലി ജമാ മസ്ജിദിൽ നടന്ന പൗരത്വ നിയമവിരുദ്ധ സമരത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ചന്ദ്രശേഖർ ആസാദ് ഒരു മാസത്തോളം ജയിലിലായിരുന്നു. ആരോഗ്യസ്ഥിതി തീരെ വഷളായിട്ടും ചികിത്സ കിട്ടാതെ തിഹാർ ജയിലിൽ ആസാദ് ദുരിതത്തിലാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടിയ ശേഷം, ജനുവരി 16-നാണ് ആസാദ് ജാമ്യത്തിലിറങ്ങിയത്. പത്ത് ദിവസത്തിന് ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിലാവുകയാണ് ചന്ദ്രശേഖർ ആസാദ്.

വാർത്ത പുറത്തുവരുന്നതിന് മുമ്പേ, ചന്ദ്രശേഖർ ആസാദിന്‍റെ ട്വിറ്റർ ഹാൻഡിലിൽ തന്നെ കസ്റ്റഡിയിലെടുത്തെന്ന് സ്ഥിരീകരണം പുറത്തുവന്നിരുന്നു.

ദില്ലിയിലെ ദരിയാഗഞ്ച് മുതൽ ജാമിയ മിലിയ ഇസ്ലാമിയയിൽ വരെ, പൗരത്വ പ്രക്ഷോഭങ്ങളുടെ മുഖങ്ങളിൽ ഒരാളാണ് ചന്ദ്രശേഖർ ആസാദ്. പ്രക്ഷോഭങ്ങൾക്കിടെ ദരിയാഗഞ്ചിലുണ്ടായ അക്രമത്തിൽ, ആൾക്കൂട്ടത്തോട് ട്വിറ്റർ വഴി കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആസാദിന്‍റെ ട്വീറ്റുകളെന്ന ദില്ലി പൊലീസിന്‍റെ വാദം വിശ്വസനീയമല്ലെന്ന് കാട്ടിയാണ് ആസാദിന് കൃത്യമായി ചികിത്സ നൽകണമെന്നും, പിന്നീട് ജാമ്യം നൽകണമെന്നും ഉത്തരവിട്ടത്.