ലക്നൗ: പഠന യാത്രക്കിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ പ്രൊഫസറെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രൊഫസറോട് നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മീ ടു പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സുവോളജി പ്രൊഫസര്‍ ഷെയ്ല്‍ കുമാര്‍ ചൗബയെ സസ്പെന്‍റ് ചെയ്തത്. 

ഒഡിഷയിലേക്ക് പോയ പഠന സംഘത്തോടൊപ്പം പ്രൊഫസര്‍ ഷെയ്ല്‍ കുമാര്‍ അനുഗമിച്ചിരുന്നു. യാത്രക്കിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തെന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പരാതി. തുടര്‍ന്ന് പരാതി കമ്മിറ്റി ആരോപണം അന്വേഷിക്കുകയും പ്രൊഫസര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്ത് സസ്പെന്‍റ് ചെയ്തു.

പിന്നീട് തിരിച്ചെടുക്കണമെന്ന പ്രൊഫസറുടെ അപേക്ഷ അധികൃതര്‍ അംഗീകരിച്ചു. ഈ നടപടിയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍ രംഗത്തെത്തി. തുടര്‍ന്നാണ് അദ്ദേഹത്തോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത്. പ്രൊഫസറെ പിരിച്ചുവിടണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രൊഫസര്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു.