Asianet News MalayalamAsianet News Malayalam

അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന; വനിതാ കോളേജ് പ്രിന്‍സിപ്പലടക്കം നാല് പേർ അറസ്റ്റിൽ

ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജിലാണ് ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധിച്ചത്. 

bhuj college principal and three others arrested for menstruation check
Author
Gujarat, First Published Feb 18, 2020, 8:58 AM IST

അഹമ്മദാബാദ്: വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ. കോളേജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ സൂപ്പർവൈസര്‍, കോർഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നാല് പേരെയും ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ റിത്ത റാനിംഗ, ഹോസ്റ്റല്‍ റെക്ടര്‍ രാമിലാ ബെന്‍, കോളേജ് പ്യൂണ്‍ നൈന എന്നിവര്‍ക്കെതിരെയാണ് നടപടി. ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജിലാണ് ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധിച്ചത്. ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറി എന്നാരോപിച്ചായിരുന്നു പരിശോധന. 

ആര്‍ത്തവ സമയത്തല്ലെന്ന് ഉറപ്പുവരുത്താന്‍ പെണ്‍കുട്ടികളെ വരിയായി ഹോസ്റ്റല്‍ ശുചിമുറിയിലേക്ക് നടത്തിയശേഷം അടിവസ്ത്രം അഴിച്ചു പരിശോധിച്ചു. പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധനയെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചിരുന്നു. സംഭവം അന്വേഷിക്കാന്‍ ഗുജറാത്ത് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.  

ആർത്തവ വിലക്കിനുള്ള സമ്മതം വിദ്യാർത്ഥിനികളില്‍ നിന്ന് കോളേജ് അധികൃതര്‍ നേരത്തെ തന്നെ വാങ്ങിയിരുന്നു എന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആര്‍ത്തവ സമയത്ത് ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനും കിടക്കയില്‍ കിടന്നുറങ്ങുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രവേശന സമയത്താണ് പെണ്‍കുട്ടികളില്‍ നിന്ന് ഇതിനുള്ള സമ്മതം വാങ്ങിയിരിക്കുന്നത്. 

എന്നാല്‍ ആര്‍ത്തവ പരിശോധന നടത്തിയ രീതിക്കെതിരെ മാത്രമാണ് പെണ്‍കുട്ടികളുടെ പരാതിയെന്ന് വനിതാ കമ്മീഷന്‍ വിലയിരുത്തല്‍. സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ വനിതകൾ ആർത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കാൻ പോരാടുമ്പോഴാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നും ദേശീയ വനിത കമ്മീഷൻ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios