Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ; മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിനെത്തും. മന്ത്രിസഭ മറ്റന്നാളാകും സത്യപ്രതിജ്ഞ ചെയ്യുക. ഗുജറാത്തിലെ പതിനേഴാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ

Bhupendra Patel take  oath as Gujarat CM on Monday
Author
Gujarat, First Published Sep 13, 2021, 7:26 AM IST

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 2.20നാണ് ചടങ്ങ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിനെത്തും. മന്ത്രിസഭ മറ്റന്നാളാകും സത്യപ്രതിജ്ഞ ചെയ്യുക. ഗുജറാത്തിലെ പതിനേഴാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ.

ഇന്നലെയാണ് അപ്രതീക്ഷിതമായി വിജയ് രൂപാണി രാജിവെച്ചത്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രനേതൃത്വം വിജയ് രൂപാണിയുടെ രാജി ആവശ്യപ്പെട്ടത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പ്രധാനമായി ഉയര്‍ന്നുവന്ന മറ്റ് രണ്ട് പേരുകള്‍. 

2016 ല്‍ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേൽ രാജിവെച്ചത്. പിന്നാലെയുള്ള വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും ഏവരെയും അമ്പരപ്പിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. രൂപാണിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് പുതിയ മുഖ്യമന്ത്രിയെ പരീക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതോടെ പ്രധാനമന്ത്രി പങ്കെടുത്ത സര്‍ദാര്‍ ദാം കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തിന് ശേഷം ഗവര്‍ണറെ കണ്ട് വിജയ് രൂപാണി രാജി സമര്‍പ്പിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios