ദില്ലി: നാലുതവണ ബിജെപി എംഎല്‍എയായിരുന്ന ഹര്‍ഷരണ്‍ സിംഗ് ബല്ലി എഎപിയില്‍ ചേര്‍ന്നു. ദില്ലി തെരഞ്ഞെടുപ്പിന് അടുത്തിരിക്കെയാണ് തീരുമാനം. ഇന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ സന്നിഹിതരായ ചടങ്ങിലാണ് ഹര്‍ഷരണ്‍ സിംഗ് ബല്ലി എഎപിയില്‍ ചേര്‍ന്നത്.

1993 മുതല്‍ 2013വരെ എംഎല്‍എയായിരുന്നു ബല്ലി. തെരഞ്ഞെടുപ്പില്‍ കേജ്‍രിവാള്‍ വിജയിക്കട്ടെയെന്ന് ബല്ലി ആശംസിച്ചു. വികസനം മുന്‍നിര്‍ത്തിയുള്ള എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമാകുമെന്നും ബല്ലി വ്യക്തമാക്കി. തന്‍റെ അസംബ്ലി മണ്ഡലത്തില്‍ നിന്ന് നിരവധിപ്പേര്‍ എഎപിയില്‍ ചേരുമെന്നും ബല്ലി പ്രഖ്യാപിച്ചു. 

ദില്ലിയിലെ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഹര്‍ഷരണ്‍ സിംഗ് ബല്ലി. ഹരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഹര്‍ഷരന്‍ നാല് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. മദന്‍ലാല്‍ ഖുരാന നയിച്ച മുന്‍ ദില്ലി മന്ത്രിസഭയില്‍ ഹര്‍ഷരണ്‍ സിംഗ് ബല്ലി അംഗമായിരുന്നു.