ദില്ലി: ബിഹാർ തോൽവിയിൽ കോൺഗ്രസ് പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും മഹാസഖ്യത്തിന്റെ ഭാഗമാകാൻ വൈകിയെന്നും ബിഹാറിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണവും കാര്യക്ഷമമായില്ലെന്നാണ് താരിഖ് അൻവർ പറയുന്നത്. തോൽവിയിൽ പാർട്ടി ആത്മപരിശോധന നടത്തണമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. കപിൽ സിബൽ വിമർശിച്ച രീതി ശരിയായില്ലെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു. പരാതി നേരിട്ട് സോണിയ ഗാന്ധിയെ അറിയിക്കാമായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിച്ചത് ശരിയായില്ലെന്നുമാണ് താരിഖ് അൻവറിന്റെ പക്ഷം. 

ബിഹാറിലെ കനത്ത തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ രംഗത്തെത്തിയിരുന്നു. ജനം കോൺഗ്രസിനെ ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നുമായിരുന്നു കപിൽ സിബലിന്റെ വിമർശനം. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നും. പരാജയ കാരണം അന്വേഷിക്കുന്നതേയില്ലെന്നും കപിൽ സിബൽ പറഞ്ഞിരുന്നു.

ബിഹാറിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ഉടൻ ചേരും. നേതൃത്വത്തിനെതിരെ കപില്‍ സിബല്‍ സില്‍ നടത്തിയ പ്രസ്താവനകളും ചര്‍ച്ചക്ക് വന്നേക്കും. കപില്‍ സിബലിനെതിരെ  സോണിയഗാന്ധിയുടെ വിശ്വസ്തരായ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. സോണിയ ഗാന്ധിയുടെ ഉപദേശക സമിതി യോഗത്തിൽ ബിഹാർ ചർച്ചയായില്ല. നേതാക്കളുടെ പരസ്യ പ്രതികരണം വിലക്കണമെന്ന് സമിതി നിർദ്ദേശിച്ചു.