പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്. 

ദില്ലി: കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ച് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റ കടത്തി. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ ഇന്ന് രാജ്യസഭയിലും പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലും കരുത്ത് തെളിയിച്ചു. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്. എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശങ്ങളാണ് തള്ളിയത്. ബില്ലിനെതിരെയുള്ള ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്. 

മുസ്ലീം പുരുഷന് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും. നേരത്തെ ലോക്സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത നിതീഷ് കുമാറിന്‍റെ ജനതാദള്‍, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികള്‍ രാജ്യസഭയില്‍ ബില്ലെത്തിയപ്പോള്‍ നിലപാട് മാറ്റി.

രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബില്‍ പാസ്സാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സഹായകരമായത് ഈ പാര്‍ട്ടികളുടെ ചുവടുമാറ്റമാണ്. ബില്‍ വോട്ടിനിടുന്ന ഘട്ടത്തില്‍ എഐഎഡിഎംകെയുടേയും ജനദാതളിന്‍റേയും എംപിമാര്‍ രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തെലങ്കാന രാഷ്ട്രസമിതിയുടെ എംപിമാരാവട്ടെ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു.