വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും
പാർലമെൻറ് ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിടുന്നതാണ്.

ദില്ലി: വിവാദകാർഷിക (Farmers law) നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ (Loksabha) അവതരിപ്പിക്കും. ബിൽ അവതരണത്തിന് മുന്നോടിയായി കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നല്കി. അതേലസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം എന്ന ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വ്യക്തമാക്കി.
പാർലമെൻറ് ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിടുന്നതാണ്. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബില്ല് അവതരിപ്പിക്കുമെന്ന് ലോക്സഭാ അജണ്ടയിൽ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദ്ദേശിച്ച് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നല്കി. ബില്ലിനെ എതിർക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. ചർച്ചയിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചനയുണ്ട്. എന്നാൽ താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്കും
വിവാദ നിയമങ്ങൾ പിൻവലിച്ചാലും താങ്ങുവിലയ്ക്ക് നിയമസംരക്ഷണം അംഗീകരിക്കില്ലെന്ന സൂചന ബിജെപി നല്കി. ഇപ്പോഴിത് പരിഗണിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ തുറന്നടിച്ചിട്ടുണ്ട്. ബുധനാഴ്ച രാജ്യസഭയിലും പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. സമവായം ഇല്ലാതെ നിയമം കൊണ്ടു വന്നതിൽ പ്രധാനമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തേടും.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഒറ്റ ബില്ല് പാർലമെൻറിൽ കൊണ്ടു വരാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. നിയമങ്ങളിൽ അപാകതയില്ലെങ്കിലും കർഷകരെ ബോധ്യപ്പെടുത്താനായില്ല എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസഭായോഗത്തിൽ ആവർത്തിച്ചിരുന്നു.
സുപ്രീംകോടതിയിലെ കേസ് നിയമം പിൻവലിക്കാൻ തടസ്സമല്ലെന്ന നിയമോപദേശം സർക്കാരിന് കിട്ടിയിരുന്നു. നിയമങ്ങൾ പിൻവലിച്ച ശേഷം ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. എന്നാൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം