വെള്ളിയാഴ്ച വൈകിട്ട് മർദ്ദനമേറ്റ് റോഡരികിൽ കിടന്ന ഇദ്ദേഹത്തെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ജയ് ശ്രീറാം വിളിച്ചതിന് മർദ്ദനമേറ്റ പ്രവർത്തകൻ കൊല്ലപ്പെട്ടതായി ബിജെപി. നദിയ ജില്ലയിലെ സ്വരൂപ്‌നഗറിലെ കൃഷ്ണ ദേബ്‌നാഥാണ് മരിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച വൈകിട്ട് മർദ്ദനമേറ്റ് റോഡരികിൽ കിടന്ന ഇദ്ദേഹത്തെ ബന്ധുക്കൾ കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രാദേശിക ബിജെപി നേതൃത്വം തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ചു. ജയ് ശ്രീറാം വിളിച്ചതിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അതേസമയം പ്രാദേശിയ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഈ വാദം തള്ളി. കൃഷ്ണ ദേബ്‌നാഥ് മദ്യപിച്ച് ലക്കുകെട്ട് റോഡിലൂടെ നടന്നുപോയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും, ഇതേ തുടർന്ന് നാട്ടുകാരായ ഒരു സംഘം ആളുകൾ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ടിഎംസി നേതൃത്വത്തിന്റെ വാദം.
