മുംബൈ: കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ച് ജന്മദിന ആഘോഷം നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഇന്ത്യയില്‍ കൊവിഡ് 19 ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലെ പന്‍വേലിലാണ് ബിജെപി നേതാവിനെ ലോക്ക്ഡൗണ്‍ തെറ്റിച്ചതിന് അറസ്റ്റ് ചെയ്തത്.

നിര്‍ദേശങ്ങള്‍ അവഗണിച്ച് ഒരു സംഘം ആളുകള്‍ ജന്മദിന ആഘോഷത്തിനായി ഒത്തുകൂടുകയായിരുന്നു. ഏപ്രില്‍ 10 വെള്ളയാഴ്ച രാത്രിയാണ് ആഘോഷം നടന്നത്. പന്‍വേല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ ബിജെപി നേതാവ് അജയ് ബഹിറയുടെ ബംഗ്ലാവിലാണ് ആഘോഷം നടന്നതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി നേതാവിന്റെ ബംഗ്ലാവിന്റെ മുകളില്‍ ആഘോഷം നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. അജയ് ബഹിറക്കൊപ്പം 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ, ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കര്‍ണാടകയില്‍ ബിജെപി എംഎല്‍എയും പിറന്നാളാഘോഷം നടത്തിയിരുന്നു.

കര്‍ണാടക തുമകൂരുവിലെ എംഎല്‍എ എം ജയറാം ആണ് കുട്ടികള്‍ ഉള്‍പ്പെടെ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പന്‍ പിറന്നാളാഘോഷം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുരുവക്കരെ മണ്ഡലത്തിലെ എംഎല്‍എയാണ് ജയറാം. സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബിജെപി എംഎല്‍എയുടെ പിറന്നാളാഘോഷം.

ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. . മതിയായ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയാണ് പരിപാടിക്കെത്തിയവര്‍ ഒത്തുകൂടിയത്. വലിയ പന്തല്‍ ഒരുക്കുന്നതും ഒരു ഭാഗത്ത് ബിരിയാണി വിതരണം നടത്തുന്നും വീഡിയോയില്‍ കാണാം.