മുംബൈ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും സ‌ർക്കാ‌ർ രൂപീകരണത്തിൽ തുട‌രുന്ന അനിശ്ചിതത്വത്തിനൊടുവിൽ ശിവസേന സ‌ർക്കാ‌ർ രൂപീകരണത്തിൽ നിന്ന് പിന്മാറി. കേവല ഭൂരിപക്ഷമില്ലെന്നും അതിനാൽ തന്നെ സ‌ർക്കാരുണ്ടാക്കാനില്ലെന്നുമുള്ള തീരുമാനം ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ​മഹാരാഷ്ട്ര ഗവ‌‌ർണറെ അറിയിച്ചു. ബിജെപിയുടെ അടിയന്തര കോ‌‌ർ കമ്മിറ്റിയോ​ഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. അമിത് ഷായും വീഡിയോ കോൺഫ്രൻസിം​ഗ് വഴി യോ​ഗത്തിൽ പങ്കെടുത്തു. 

ശിവസേനയ്ക്ക് വഴങ്ങിക്കൊണ്ട് സർക്കാർ രൂപീകരിക്കേണ്ടെന്നാണ് ബിജെപി തീരുമാനം. ​ഗവ‌‌ർണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ​ഗുരുതര ആരോപണങ്ങളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉന്നയിച്ചത്. ബിജെപി ശിവസേന സഖ്യത്തിനായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ഈ ജനവിധിയെ വഞ്ചിക്കുകയാണ് ശിവസേന ചെയ്തതെന്നുമാണ് ചന്ദ്രകാന്ത് പാട്ടീലിന്റെ ആരോപണം. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ നി‍‌‌ർബന്ധമാണ് അനായേസേന ബിജെപി ശിവസേന സഖ്യത്തിന് സ‌‌ർക്കാരുണ്ടാക്കുന്ന ഭൂരിപക്ഷമുണ്ടായിട്ടും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. 

ശിവസേന കോൺ​ഗ്രസ് സഖ്യം?

ശിവസേനയെ പിന്തുണച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാൻ ശ്രമങ്ങൾ സജീവമാക്കുകയാണ് മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം. 44 എംഎൽഎമാരിൽ 35 പേരെയും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് മഹാരാഷ്ട്ര പിസിസി നേതൃത്വം. അതേസമയം, കുതിരക്കച്ചവടം ഒഴിവാക്കാനാണെന്ന് തുറന്ന് പറഞ്ഞ് ശിവസേനയും 56 എംഎൽഎമാരെ മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിലെ റിസോർട്ടിലേക്ക് മാറ്റി. ഇന്നലെ രാത്രി മുഴുവൻ ഇവിടെ ആദിത്യ താക്കറെ ഇവിടെയാണ് ചിലവഴിച്ചത്. ഓരോ എംഎൽഎമാരെയും നേരിട്ട് കാണുകയായിരുന്നു ആദിത്യ. 

എല്ലാ സാധ്യതകളും സജീവമായി പരിഗണിക്കുകയാണ് കോൺഗ്രസെന്ന് തെളിയിക്കുന്നതാണ് കോൺഗ്രസ് മുൻമുഖ്യമന്ത്രി പൃത്ഥ്വിരാജ് ചവാന്‍റെ വാക്കുകൾ. ശിവസേനയെ പിന്തുണയ്ക്കാൻ മടിയില്ല. ''ഒരു സർക്കാരുണ്ടാക്കുമ്പോൾ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം തന്നെയാണ് ആദ്യം കണക്കിലെടുക്കേണ്ടത്. പക്ഷേ, ഇവിടെ മഹാരാഷ്ട്രയിൽ ബിജെപി - ശിവസേന സഖ്യം തകർന്നടിഞ്ഞു കഴിഞ്ഞു. അതല്ലെങ്കിൽ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കണം. അതുണ്ടായിട്ടില്ല. അപ്പോൾ ആ വഴിയും അടഞ്ഞു. അപ്പോൾ ഗവർണർക്ക് മൂന്നാമത്തെ സാധ്യത പരിഗണിക്കാം. അത് തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊള്ളുന്ന സഖ്യങ്ങളാണ്. ഭരണത്തിലെത്താൻ വേണ്ട സംഖ്യയുണ്ടെങ്കിൽ ഇത് ഗവർണർ പരിഗണിക്കേണ്ടതാണ്. എൻസിപിയുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. ശരദ് പവാറുമായി എന്തുവേണമെന്ന് വിശദമായ ചർച്ച നടത്തി. പക്ഷേ പാർട്ടിയ്ക്കുള്ളിൽ ബിജെപിയെ പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണ്. അത്തരം വികാരം തന്നെയാണ് മുന്നണിക്കുള്ളിലുമുള്ളത്. എന്ത് വില കൊടുത്തും സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപിയെ തടയും'', ചവാൻ വ്യക്തമാക്കുന്നു.

എന്നാൽ സംസ്ഥാന നേതൃത്വം ശിവസേന സഖ്യത്തെക്കുറിച്ച് ​ഗൗരവമായി ആലോചിക്കുമ്പോഴും ശിവസേനയുമായി ഒരു സഖ്യം വേണ്ടെന്ന നിലപാടിലാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വം. 
 

കണക്കിലെ കളിയെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം.

കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്. 2014-ൽ ബിജെപിയ്ക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇ‍ടിഞ്ഞു.

ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ 'വല്യേട്ട'നോട് 50:50 ഫോർമുല വേണണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.