പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായാണ് ബിജെപി  ജന്‍ ആശീര്‍വാദ യാത്രയെന്ന പേരില്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. 

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപിയുടെ പരിപാടിയില്‍ കുതിരയുടെ ദേഹത്ത് ബിജെപിയുടെ പതാകയുടെ പെയിന്‍റടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. സംഭവത്തില്‍ ബിജെപി എംപി മനേകഗാന്ധിയുടെ സന്നദ്ധ സംഘടനയായ പി.എഫ്.എ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്‍ഡോറില് നടന്ന ബി.ജെ.പിയുടെ ജന്‍ ആശീര്‍വാദ യാത്രയിലാണ് കുതിരയ്ക്ക് ബിജെപിയുടെ പതാകയുടെ പെയിന്‍റ് അടിച്ചത്.

പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായാണ് ബിജെപി ജന്‍ ആശീര്‍വാദ യാത്രയെന്ന പേരില്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. 22 സംസ്ഥാനങ്ങളിലൂടെയാണ് ജന്‍ ആശീര്‍വാദ യാത്ര കടന്നുപോകുന്നത്. വിവധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടക്കുന്ന ജന്‍ ആശീര്‍വാദ ഇന്‍ഡോറിലെത്തിയപ്പോഴാണ് മനേക ഗാന്ധിയുടെ സംഘടന പരാതിയുമായി എത്തിയത്. 

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര സംഘടിപ്പിച്ചത്. കുതിരയെ വാടകയ്‌ക്കെടു ത്ത് ബി.ജെ.പി. പതാകയുടെ പെയിന്റടിച്ചത് മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണെന്ന് പരാതിയില്‍ പറയുന്നു. പി.എഫ്.എയുടെ പരാതിയില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona