ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ പദവി വാ​ഗ്ദാനം ചെയ്ത് 2.17 കോടി രൂ കൈക്കൂലി വാങ്ങിയെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നിർമ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചാണ് പണം തട്ടിയത്. 

ഹൈദരാബാദ്: പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തിൽ കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പി. മുരളീധരറാവുവിനും എട്ടു പേർക്കുമെതിരെ കേസ്. നിർമ്മല സീതാരാമൻ വ്യവസായ വാണിജ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സംഭവം നടന്നിരിക്കുന്നത്. വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമാണ് കേസ്. ഹൈദരാബാദ് സ്വദേശികളായ ടി പ്രവർണ്ണ റെഡ്ഡി, ഭാര്യ മഹിപാൽ റെ‍ഡ്ഡി എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.

ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ പദവി വാ​ഗ്ദാനം ചെയ്ത് 2.17 കോടി രൂ കൈക്കൂലി വാങ്ങിയെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നിർമ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചാണ് പണം തട്ടിയത്. പണം വാങ്ങിയിട്ടും നിയമനം ലഭിക്കാതെ വന്നപ്പോൾ പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ കൊടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, മുരളീധരറാവുവും മറ്റുള്ളവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ‌ പറയുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചേർത്താണ് കോടതിയുടെ നിർ​ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് മുരളീധര റാവുവിന്റെ പ്രതികരണം.