തിരുവനന്തപുരം: കശ്മീരിലെ ജനതക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി അഭിപ്രായപ്പെട്ടു. ഭരണഘടന കുഴിച്ചുമൂടാനുള്ള ശ്രമമായിരുന്നു കശ്മീരിലെ നടപടികൾ. ജമ്മു കശ്മീർ ഇപ്പോൾ വലിയ തടവറയായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെയും അതിനെത്തുടര്‍ന്നുണ്ടായ നടപടികളിലൂടെയും 
രാജ്യത്തെ ഫെഡറൽ ഘടന തകർക്കാനുള്ള ആദ്യ ശ്രമമാണ് കശ്മീരിൽ നടന്നത്. ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ഭരണ ഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളിൽ ഗവർണർമാരും ഭാഗമാകുന്നു. കേരളത്തിൽ ഇത് കൂടുതൽ പ്രകടമാണെന്നും തരിഗാമി അഭിപ്രായപ്പെട്ടു. 

പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതടക്കമുള്ള നടപടികളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുഹമ്മദ് യൂസഫ് തരിഗാമിയുടെ പ്രസ്താവന. വിഷയത്തില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി ഗവര്‍ണര്‍ക്കെതിരെ ഇന്ന് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 

പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത് എന്നാണ് ദേശാഭിമാനി വിമര്‍ശിച്ചത്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന് എവിടെയും പറയുന്നില്ല. ഗവര്‍ണര്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ദേശാഭിമാനി വിമര്‍ശിച്ചിരുന്നു. 

Read Also: ' ഗവര്‍ണര്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായമഴിച്ചുവെക്കണം'; വിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം