ഇസെഡ് പ്ലസ്,വൈ പ്ലസ് സുരക്ഷയുള്ള ബിജെപി നേതാക്കള്‍ സുരക്ഷയുടെ മറവില്‍ കോടികള്‍ സംസ്ഥാനത്തേയ്ക്ക് ഇറക്കുന്നുവെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം

കൊല്‍ക്കത്ത: ഇസെഡ് പ്ലസ് സുരക്ഷയുടെ മറവില്‍ പരിശോധനകള്‍ ഒഴിവാക്കി ബിജെപി നേതാക്കള്‍ പശ്ചിമബംഗാളിലേക്ക് പണം ഇറക്കുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി. കണക്കില്‍പ്പെടാത്ത പണവുമായി ഇന്നലെ സംസ്ഥാനത്ത് ഒരു ബിജെപി നേതാവ് അറസ്റ്റിലായതായും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ഇസെഡ് പ്ലസ്, വൈ പ്ലസ് സുരക്ഷയുള്ള ബിജെപി നേതാക്കള്‍ അവരുടെ സുരക്ഷയുടെ മറവില്‍ കോടികള്‍ സംസ്ഥാനത്തേയ്ക്ക് ഇറക്കുന്നുവെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം.

ഖറ്റലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നാണ് ഇന്നലെ പണം കണ്ടെത്തിയത്. അശോക് നഗറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. പണം നിറച്ച ബോക്സുകള്‍ കൊണ്ട് ബംഗാളില്‍ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന് ബിജെപി കരുതരുതെന്നും മമത വ്യക്തമാക്കി. 

'പെട്ടികള്‍ നീക്കുന്നതിന്‍റെ ഒരു ചിത്രം മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്'. എന്തുകൊണ്ടാണ് മോദിയുടെ ഹെലിക്കോപ്റ്റര്‍ ലാന്‍റ് ചെയ്യുന്നതിന്‍റെ അടുത്തേയ്ക്ക് മാധ്യമങ്ങള്‍ക്കോ ഇലക്ഷന്‍ കമ്മീഷന്‍റെ ഫോട്ടോഗ്രാഫര്‍മാര്‍ക്കോ പ്രവേശനം ഇല്ലാത്തതെന്നും മമത ചോദിച്ചു. തിരഞ്ഞെടുപ്പ് റാലിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ എത്തിയ സമയത്ത് മോദിയുടെ ഹെലിക്കോപ്റ്ററില്‍ നിന്നും ഒരു പെട്ടി മാറ്റിയത് വിവാദമായിരുന്നു. പെട്ടിയില്‍ പണമായിരുന്നുവെന്നും സുരക്ഷയുടെ മറവില്‍ പണം കടത്തുകയാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.