ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ബെറന്‍ സിംഗ് സര്‍ക്കാര്‍ വിശ്വാസ വോട്ട് വിജയിച്ചു. തിങ്കളാഴ്ച മണിപ്പൂര്‍ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ 16നെതിരെ 28 വോട്ടുകള്‍ നേടിയാണ് ബിജെപി സംസ്ഥാന ഭരണം സുരക്ഷിതമാക്കിയത്.

നേരത്തെ സഭയില്‍ മുഖ്യമന്ത്രി എന്‍ ബെറന്‍ സിംഗ് വിശ്വാസ പ്രമേയം അവതരിപ്പിച്ചു. തുടര്‍‍ന്ന നടന്ന ദീര്‍ഘമായ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. ഒരു ദിവസത്തേക്ക് ചേര്‍ന്ന പ്രത്യേക നിയമസഭ യോഗത്തിലായിരുന്നു മുഖ്യമന്ത്രി സഭയുടെ വിശ്വാസം തേടിയത്.

നേരത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. അടുത്തിടെ മണിപ്പൂരിനെ പിടിച്ചുകുലുക്കിയ ബിജെപി നേതാവ് ഉള്‍പ്പെട്ട ഉന്നത മയക്കുമരുന്ന് കേസ് സിബിഐയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

പാര്‍ട്ടി വിപ്പ് ലംഘിച്ച് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭ നടപടികള്‍ക്ക് എത്തിയില്ല. സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്‍ററി നേതാവ് കെ ഗോവിന്ദ് ദാസ് നല്‍കിയ മൂന്ന് വരി വിപ്പാണ് 8 എംഎഎല്‍എമാര്‍ അവഗണിച്ചത്.   60 സീറ്റുകളാണ് മണിപ്പൂര്‍ നിയമസഭയില്‍ ഉള്ളത് കോണ്‍ഗ്രസിന് 24 അംഗങ്ങളാണ് ഉള്ളത്. ആകെ സഭയില്‍ നിലവിലെ  അംഗങ്ങളുടെ എണ്ണം 53 ആണ്. ഇതില്‍ സ്പീക്കറും ഉള്‍പ്പെടുന്നു.