ദില്ലി: ദില്ലിയിലെ ഷഹീൻ ബാഗിലും ജാമിയ മിലിയ സർവകലാശാലയിലും നടന്ന വെടിവയ്പ്പിൽ പ്രതികരണവുമായി ബിജെപി എംപി അർജുൻ സിംഗ്. 'ഞങ്ങളുടെ യുവാക്കൾ' ആശയക്കുഴപ്പത്തിലാണെന്ന് അർജുൻ സിംഗ് അഭിപ്രായപ്പെട്ടു. സിഎഎയുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണ് ജാമിയയിൽ നടന്നതെന്നും അർജുൻ സിംഗ് പറഞ്ഞു.

"മുസ്ലീം ജനതയെ പ്രതിപക്ഷത്തിന്റെ സംരക്ഷണത്തോടെ ഷഹീൻ ബാഗിൽ ഇരുത്തുന്ന രീതി...സി‌എ‌എയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവം ജാമിയയിൽ‌ സംഭവിച്ചു. ഞങ്ങളുടെ കുട്ടികൾ ആശയക്കുഴപ്പത്തിലാണ് വെടിവച്ചത് (ഹമരേ കും ഉമർ കെ ബച്ചെ ഭർമിത് ഹോ കർകേ ഗോലി ചലേ ഹൈൻ)"-അർജുൻ സിംഗ് പറഞ്ഞു.

എല്ലാവരും യാതൊരു ദോഷവും സംഭവിച്ചിട്ടില്ലാത്ത ഈ വെടിവയ്പുകളെകുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, രണ്ട് വലിയ ഹിന്ദു മഹാസഭാ നേതാക്കൾ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടു. ആരും അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ ദിവസവും ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നിൽ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിയുതിർത്തിരുന്നു. ജാമിയയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വെടിവയ്പ്പ് നടന്നത്. ക്യാമ്പസിന് മുന്നിലെ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രിതന്നെ രംഗത്തെത്തിയിരുന്നു. അക്രമികളെ പിടികൂടണമെന്നതായിരുന്നു ആവശ്യം.

Read Also: ജാമിയക്ക് മുന്നില്‍ അര്‍ധരാത്രി വെടിവയ്പ്, ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടെന്ന് സൂചന; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഷഹീൻ ബാഗിൽ വെടിവയ്പ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ദില്ലി സാകേത് കോടതിയാണ് പ്രതി കപിൽ ഗുജ്ജാറിനെ റിമാന്‍ഡ് ചെയ്തത്. ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിസിപി ചിന്മയ് ബിസ്വാൾ പറഞ്ഞിരുന്നു. ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ശനിയാഴ്ച വൈകിട്ടോടെ വെടിവയ്പ്പ് ഉണ്ടായത്.