സംഭവത്തില്‍  എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിന് മമത സർക്കാര്‍ ഉത്തരവിട്ടു.  ഇതുവരെ പതിനൊന്ന് പേര്‍ അറസ്റ്റിലായതായി ഡിജിപി മനോജ് മാളവ്യ പറഞ്ഞു. 

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘ‍ർഷം ഉണ്ടായത്. ടിഎംസിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് സംഘ‌ർഷത്തിന് കാരണമെന്നാണ് സൂചന. ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നെന്ന് വിമര്‍ശിച്ച ബിജെപി സംഭവത്തില്‍ കേന്ദ്ര തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു

 ടിഎംസി നേതാവും ബാരിഷാല്‍ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനുമായ ബാദു ഷെയ്ഖിനെ ഒരു സംഘം ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. അക്രമപരമ്പരകളിൽ എട്ടോളം വീടുകള്‍ തീവയ്ക്കപ്പെട്ടു. ഈ സമയത്ത് വീടിനകത്ത് ഉണ്ടായിരുന്ന എട്ട് പേര്‍ വെന്തുമരിക്കുകയായിരുന്നു. മരിച്ച ഏഴ് പേർ ഒരു വീട്ടിലുണ്ടായിരുന്നവരാണ്.

സംഭവത്തില്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിന് മമത സർക്കാര്‍ ഉത്തരവിട്ടു. ഇതുവരെ പതിനൊന്ന് പേര്‍ അറസ്റ്റിലായതായി ഡിജിപി മനോജ് മാളവ്യ പറഞ്ഞു. സംഭവം രാഷ്ട്രീയ സംഘ‍ർഷമല്ലെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നതെന്നും വ്യക്തിവിരോധമാണ് സംഘർഷത്തിന് കാരണമായതെന്നും ഡിജിപി പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ മമത സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തുകയാണ് ബിജെപി. ഭീകരരുടെ സ്വന്തം സ്ഥലമായി ബംഗാള്‍ മാറിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ബിജെപി - ടിഎംസി സംഘര്‍ഷം കൂടി ചൂണ്ടിക്കാട്ടി ബിജെപി വിമര്‍ശിച്ചു. സംഘര്‍ഷത്തെ കുറിച്ച് കേന്ദ്ര തല അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ബിജെപി എംപിമാർ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. എന്നാല്‍ സംഘര്‍ഷത്തില്‍ രാഷ്ട്രീയമില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നിലപാട്.