ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിലെ പ്രതിസന്ധി അയയുന്നു. പാർട്ടിയിലെ എംഎൽഎമാർ‍ ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും സംയുക്ത വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടി എംഎൽഎമാർക്കൊപ്പം സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും ഇരുവരും അറിയിച്ചു. 

രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന കെസി വേണുഗോപാൽ അട്ടിമറി ശ്രമത്തെ കുറിച്ചുള്ള റിപ്പോ‍ർട്ടുകളെ തുടർന്ന് ഇന്ന് ജയ്പൂരിൽ എത്തി. സച്ചിൻ പൈലറ്റുമായി കെ.സി.വേണുഗോപാൽ സംസാരിച്ച ശേഷമാണ് സംയുക്ത വാർത്ത സമ്മേളനത്തിന് തീരുമാനമെടുത്തത്. അതേ സമയം എംഎൽഎമാരെ തെരഞ്ഞെടുപ്പ് വരെ റിസോർട്ടിൽ തന്നെ താമസിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

അതേസമയം കോൺ​ഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചതായി അശോക് ​ഗെല്ലോട്ട് വാ‍ർത്താ സമ്മേളനത്തിൽ പറഞ്ഞു. 25 കോടി രൂപ എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി വാ​ഗ്ദാനം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. സ‍ർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ സ്വതന്ത്ര എംഎൽഎമാ‍ർ പിന്തുണയ്ക്കുന്ന സ‍ർക്കാരാണ് രാജസ്ഥാനിലേതെന്നും അദ്ദേഹം പറഞ്ഞു.