ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി തന്റെ വിദേശ യാത്രയുടെ വിശദാംശങ്ങളും ലക്ഷ്യവും പാർലമെന്റിനെ അറിയിക്കണമെന്ന് ബിജെപി. തിങ്കളാഴ്ച രാഹുൽ ​ഗാന്ധി വിദേശത്തേക്ക് പറന്നതിന് പിന്നാലെയാണ് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മണ്ഡലമായ വായനാടിനെക്കാൾ രാഹുൽ ​ഗാന്ധി കൂടുതലും വിദേശത്തേക്കാണ് യാത്ര ചെയ്തതെന്നും ഇക്കാരണത്താലാണ് അമേത്തിയിലെ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കാത്തതെന്നും ബിജെപി വക്താവ് ജിവിഎൽ നരസിംഹ റാവു പറഞ്ഞു.

'രാഹുലിന്റെ വിദേശ യാത്രകളുടെ വിശദാംശങ്ങൾ ഞങ്ങൾ ആവശ്യപ്പെടുന്നു. ഓരോ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും അതിന് വേണ്ടിയുള്ള  സാമ്പത്തിക സ്ഥിതി എവിടെനിന്നാണെന്നും രാഹുൽ ​ഗാന്ധി വിശദീകരിക്കണം'- നരസിംഹ റാവു പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ലോക്സഭ സെക്രട്ടേറിയറ്റിനെ അറിയിക്കാൻ കഴിയാത്ത എന്ത് വലിയ രഹസ്യമാണ് ഉള്ളത്?വിദേശ യാത്രകൾക്ക് രാഹുൽ ​ഗാന്ധിക്ക് എവിടെ നിന്നാണ് പണം? ഒരു പൊതു പ്രതിനിധി, മുതിർന്ന കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ അദ്ദേഹം രഹസ്യങ്ങൾ മറച്ചുവെക്കുന്നതിനുപകരം വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നരസിംഹ റാവു  കൂട്ടിച്ചേർത്തു. 

'സമ്പന്നമായ പൈതൃകമുള്ള ധ്യാനത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ് ഇന്ത്യ. എന്നാൽ രാഹുൽ ഗാന്ധി പതിവായി 'ധ്യാന'ത്തിനായി വിചിത്രമായ സ്ഥലങ്ങളിലേക്ക് പറക്കുന്നു. എന്തുകൊണ്ടാണ് കോൺഗ്രസ് അദ്ദേഹത്തിന്റെ യാത്രാവിവരണം പരസ്യപ്പെടുത്താത്തത്, എന്തായാലും അദ്ദേഹം വളരെ സംരക്ഷിത നേതാവാണ്'-  ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാൽവിയ ട്വീറ്റ് ചെയ്തു.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാജവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുമ്പോഴാണ് രാഹുലിന്റെ വിദേശ യാത്ര. ഒരാഴ്ച കൊണ്ട് രാഹുല്‍ തിരിച്ചെത്തുമെന്നും നവംബര്‍ ആദ്യവാരത്തില്‍ പാർട്ടി പ്രക്ഷോഭത്തിന്റെ ഭാഗമാവുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. രാഹുല്‍ എല്ലാ കാലത്തും ധ്യാനം ചെയ്യാനായി ഈ സന്ദര്‍ശനം നടത്താറുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ അവിടെയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല അറിയിച്ചിരുന്നു. 

നേരത്തെ ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്ന ഒക്ടോബര്‍ ആദ്യമാസവും രാഹുല്‍ വിദേശ യാത്രയ്ക്ക് പോയത് വിവാദമായിരുന്നു. അതിനെ തുടര്‍ന്ന് ചുരുങ്ങിയ തെരഞ്ഞെടുപ്പ് റാലികളില്‍ മാത്രമാണ് രാഹുല്‍ പങ്കെടുത്തത്.