Asianet News MalayalamAsianet News Malayalam

'ഗാന്ധി ബ്രിട്ടീഷുകാരുമായി ഒത്തുകളിച്ചെ'ന്ന മുൻ കേന്ദ്രമന്ത്രിയുടെ പരാമർശം: ബിജെപി വെട്ടിൽ

ഒരു പൊതുപരിപാടിയിലാണ് ഉത്തര കന്നഡയിലെ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ, സ്വാതന്ത്ര്യസമരം തന്നെ നാടകമായിരുന്നുവെന്ന പരാമർശവുമായി രംഗത്തുവരുന്നത്.

bjp top leadership miffed with anant kumar hegdes gandhi jibe may ask him to say apology
Author
Bengaluru, First Published Feb 3, 2020, 5:32 PM IST

ദില്ലി: ഗാന്ധിജിക്കെതിരെ രൂക്ഷപരാമർശങ്ങൾ നടത്തിയ കർണാടകയിലെ എംപി അനന്ത് കുമാർ ഹെഗ്‍ഡെയോട് പരസ്യമായി മാപ്പ് പറയാൻ ബിജെപി ആവശ്യപ്പെട്ടേക്കും. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം അടുത്ത സാഹചര്യത്തിൽ, മഹാത്മാ ഗാന്ധിക്കെതിരെയുള്ള പരാമർശങ്ങൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കുമെന്ന വിലയിരുത്തലിലാണിത്. ഇത് അപലപനീയമാണെന്ന് വിലയിരുത്തിയ പാർട്ടി നേതൃത്വം ഹെഗ്‍ഡെയോട് പരാമർശങ്ങളുടെ പേരിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന.

''പാർട്ടി നേരിട്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. അടിയന്തരമായി ഈ പ്രസ്താവന തിരുത്താനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. മഹാത്മാ ഗാന്ധിക്ക് എതിരായ ഏത് പരാമർശങ്ങളും അനുവദനീയമല്ല'', എന്ന് കർണാടകയിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നു.

ഉത്തരകന്നഡയിൽ നിന്ന് ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാർ ഹെഗ്‍ഡെ, മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്നു. സ്വാതന്ത്ര്യസമരം മൊത്തം നാടകമാണെന്നും, ബ്രിട്ടീഷുകാരുമായി ഒത്തു കളിച്ചാണ് ഈ നാടകം മുഴുവൻ മഹാത്മാഗാന്ധി നടത്തിയതെന്നുമായിരുന്നു ഹെഗ്‍ഡെ ഒരു പൊതുപരിപാടിയിൽ പറഞ്ഞത്. ഗാന്ധിയെ 'മഹാത്മാ' എന്ന് വിളിക്കുന്നതിനോട് തനിക്കൊരു യോജിപ്പുമില്ലെന്നും അനന്ത് കുമാർ ഹെഗ്‍ഡെ.

''ഈ നേതാക്കളിൽ ആരെയും ഒരിക്കൽ പോലും പൊലീസ് സ്വാതന്ത്ര്യസമരകാലത്ത് ബാറ്റൺ വച്ച് പോലും തല്ലിയിട്ടില്ല. സ്വാതന്ത്ര്യസമരം തന്നെ ഒരു നാടകമായിരുന്നു. ബ്രിട്ടീഷുകാരുടെ അനുമതിയോടെ നടന്ന ഒരു നാടകം. ഒരു ആത്മാർത്ഥതയുമില്ലാതെ നടന്ന സമരമായിരുന്നു അത്. വെറും 'അഡ്ജസ്റ്റ്മെന്‍റ് സ്വാതന്ത്ര്യസമരം-'', എന്നാണ് ഹെഗ്‍ഡെ പറഞ്ഞത്.

ഗാന്ധിയുടെ സത്യഗ്രഹവും നിരാഹാരസമരവുമെല്ലാം വെറും 'നാടക'മായിരുന്നുവെന്നും ഹെഗ്‍ഡെ. ''കോൺഗ്രസുകാർ പറയുന്നു, സ്വാതന്ത്ര്യം കിട്ടിയത് മരണം വരെ സത്യഗ്രഹവും നിരാഹാരവും കിടന്നിട്ടാണെന്ന്. അത് സത്യമേയല്ല. സത്യഗ്രഹം കാരണമല്ല, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്'', എന്ന് ഹെഗ്‍ഡെ.

മഹാത്മാഗാന്ധിയെ വധിച്ചതിൽ ആർഎസ്എസ്സിന് ഒരു പങ്കുമില്ലെന്നും ഹെഗ്‍ഡെ ആവർത്തിക്കുന്നു. 

എന്നാൽ ബിജെപിയുടെ കർണാടക ഘടകം ഇതുവരെ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഹെഗ്‍ഡെയോട് യോജിപ്പില്ലെന്ന ഒറ്റ വാക്കിൽ പല നേതാക്കളും പ്രതികരണം അവസാനിപ്പിക്കുന്നു.

ആർഎസ്എസ്സിന് മഹാത്മാഗാന്ധിയോട് വലിയ ബഹുമാനമാണെന്നും, ഇത്തരം തരം താണ പ്രതികരണങ്ങളെ പിന്തുണയ്ക്കാനില്ലെന്നുമാണ് സംസ്ഥാന ബിജെപി വക്താവ് ജി മധുസൂദനൻ വ്യക്തമാക്കിയത് 

അതേസമയം, ഹെഗ്ഡെയ്ക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്തെത്തി. പദവി നഷ്ടപ്പെട്ട ഹെഗ്ഡെ വീണ്ടും വാർത്തകളിൽ നിറഞ്ഞ് നിൽക്കാനുള്ള നാടകമാണെന്ന് കോൺഗ്രസ് എംഎൽഎ പ്രിയാങ്ക് ഖർഗെ ആരോപിച്ചു. കേന്ദ്രമന്ത്രി പദവി നഷ്ടമായ ഹെഗ്ഡെ എങ്ങനെയെങ്കിലും ആ പദവി തിരികെപ്പിടിക്കാൻ ശ്രമിക്കുകയാണെന്നും ഗാന്ധിക്കെതിരായ പരാമർശങ്ങളിലൂടെ, ബിജെപിയുടെ ആശയ പാപ്പരത്തം വെളിവായെന്നും ഖർഗെ.

Follow Us:
Download App:
  • android
  • ios