Asianet News MalayalamAsianet News Malayalam

ബിജെപി നടത്തുന്നത് മോഷണശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍

''എണ്ണത്തെക്കുറിച്ച് ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഭൂരിപക്ഷം തെളിയിക്കുക തന്നെ ചെയ്യും'' കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു.

bjp tries to pouch  MLAs says congress leader ashok chavan
Author
Mumbai, First Published Nov 24, 2019, 9:37 PM IST

മുംബൈ: ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍. തങ്ങളുടെ എംഎല്‍എമാരുമായി ബിജെപി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. ബിജെപി നേതാക്കള്‍ ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്ത് അവിടെ താമസിക്കുകയാണ്. പക്ഷേ തങ്ങളുടെ എംഎല്‍എമാര്‍ സുരക്ഷിതരാണെന്ന് തനിക്ക് ഉറപ്പുനല്‍കാനാകുമെന്നും അശോക് ചവാന്‍ പറഞ്ഞു. 

''എണ്ണത്തെക്കുറിച്ച് ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഭൂരിപക്ഷം തെളിയിക്കുക തന്നെ ചെയ്യും. സമയം നീട്ടിക്കിട്ടാനും അതിലൂടെ എംഎല്‍എമാരെ വശത്താക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ആദ്യം അവര്‍ ഭൂരിപക്ഷം തെളിയിക്കട്ടെ'' -  അശോക് ചവാന്‍ വ്യക്തമാക്കി. ശിവസേനയിലെയും കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും എംഎല്‍എമാര്‍  ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 

സ‍ര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളുടെ ഘോഷയാത്രയാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ മഹാരാഷ്ട്രയിൽ കണ്ടത്. രാത്രിക്ക് രാത്രി എൻസിപിയിൽ നിന്നുള്ള ഒരു വിഭാഗത്തെ കൂടെക്കൂട്ടി സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ഇപ്പോൾ കടുത്ത സമ്മര്‍ദ്ദത്തിലാണ്.

വിമതരിൽ രണ്ട് പേരെയാണ് ഇന്ന് എൻസിപി തിരിച്ചെത്തിച്ചത്. മാണിക് റാവു കോക്കഡേ  ആണ് റിനൈസൺ ഹോട്ടലിൽ ഏറ്റവും ഒടുവിൽ എത്തിയത്. അതേസമയം ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത് എൻസിപി നേതാവ് നവാബ് മാലികിന്റെ പ്രസ്താവനയാണ്.

അജിത് പവാറിനൊപ്പമുള്ള അഞ്ച് പേരിൽ മൂന്ന് പേരുമായി സംസാരിച്ചെന്ന് എൻസിപി  വക്താവ് നവാബ് മാലിക് പറഞ്ഞു. അഞ്ച് പേരെയും ഇന്ന് വൈകീട്ട് തന്നെ മുംബൈയിൽ എൻസിപി എംഎൽഎമാര്‍ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിലെത്തിക്കുമെന്നും നവാബ് മാലിക് പ്രസ്താവിച്ചിട്ടുണ്ട്.

നേരത്തെ നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാ‍ര്‍, തന്റെ കീഴിലുള്ള എൻസിപി എംഎൽഎമാരുടെ പിന്തുണ ബിജെപിക്കാണെന്ന് വ്യക്തമാക്കി ഗവ‍ര്‍ണര്‍ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.

തന്റെ ഒപ്പം 35 എംഎൽഎമാരുണ്ടെന്നായിരുന്നു അജിത് പവാ‍ര്‍ അവകാശപ്പെട്ടിരുന്നത്. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോൾ അജിത്തിനൊപ്പം നാല് എംഎൽഎമാരേ ഉള്ളൂ. ആകെ 54 എംഎൽഎമാരാണ് എൻസിപി പക്ഷത്തുള്ളത്. ഇതിൽ 48 പേരെ തിരിച്ചെത്തിക്കാൻ ഇന്നലെ തന്നെ എൻസിപിക്ക് സാധിച്ചിരുന്നു. മറ്റ് രണ്ട് പേർ ഇന്നാണ് എൻസിപിയിലേക്ക് തിരിച്ചെത്തിയത്.

Follow Us:
Download App:
  • android
  • ios