Asianet News MalayalamAsianet News Malayalam

തൂക്കുപാലം ദുരന്തവും തിരിച്ചടിയായില്ല; മോര്‍ബിയില്‍ ബിജെപി നേടിയത് മിന്നും ജയം

മോർബി മണ്ഡലത്തിൽ പോലും ബിജെപി വമ്പൻ ജയമാണ് സ്വന്തമാക്കിയത്. രക്ഷാ പ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ നേതാവിനെയാണ് ഇവിടെ ബിജെപി മത്സരത്തിനിറക്കിയത്.

bjp won a huge victory in morbi
Author
First Published Dec 8, 2022, 6:34 PM IST

അഹമ്മദാബാദ്: മോർബിയിലുണ്ടായ തൂക്കുപാലം ദുരന്തം ഗുജറാത്ത് തെര‍ഞ്ഞെടുപ്പിൽ ഒരു ചലനവുമുണ്ടാക്കിയില്ല. മോർബി മണ്ഡലത്തിൽ പോലും ബിജെപി വമ്പൻ ജയമാണ് സ്വന്തമാക്കിയത്. രക്ഷാ പ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ നേതാവിനെയാണ് ഇവിടെ ബിജെപി മത്സരത്തിനിറക്കിയത്.

135 പേരുടെ ജീവനെടുത്ത ദുരന്തമാണ് മോര്‍ബിയിലുണ്ടായത്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായതാണ്. പക്ഷേ ജനങ്ങൾ ദുരന്തത്തിൽ സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്നില്ല. മോർബി ദുരന്തം ചർച്ചയേ ആയില്ല. മോർബിയിൽ പോലും ബിജെപിയെ അറുപതിനായിരത്തിലേറെ ഭൂരിപക്ഷത്തിലാണ് ജയിപ്പിച്ചത്. 

ദുരന്ത സമയത്ത് രക്ഷാ ദൗത്യത്തിനായി ഇറങ്ങി വൈറലായ വ്യക്തിയാണ് ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ. സ്ഥലത്തെ മുൻ എംഎൽഎയാണ്. 2017ൽ കോൺഗ്രസിന്‍റെ ബ്രിജേഷ് മെർജയോട് തോറ്റു. പക്ഷേ കൂറ്മാറിയ മെർജ ബിജെപിയിലെത്തി. ഉപതെര‌ഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായി. ദുരന്തം തിരിച്ചടിയാവും എന്ന് മനസിലാക്കിയ ബിജെപി മെർജയ്ക്ക് പകരമാണ് ഇത്തവണ കാന്തിലാലിനെ തന്നെ ഇറക്കിയത്. അത് ഫലം കാണുകയും ചെയ്തു. മോർബിയിൽ പോലും തൂക്കുപാലം ദുരന്തം ഗൗരവമുള്ള തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാണിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നുമില്ല. 

ചരിത്രം തിരുത്തിക്കുറിച്ച ജയവുമായാണ് ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിലെത്തുന്നത് . ആകെയുള്ള 182ൽ 158 സീറ്റുകളും പിടിച്ചാണ് ബിജെപി അധികാരത്തുടർച്ച നേടിയത്.  വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്. തിങ്കളാഴ്ച ഭൂപേന്ദ്ര പട്ടേൽ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. 

ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയോടെയാണ് ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചിരിക്കുന്നത് . 1985ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 എന്ന സീറ്റെന്ന റെക്കോർഡ് ഇനി പഴങ്കഥ. തുടർഭരണത്തിൽ സിപിഎം ബംഗാളിൽ കുറിച്ച ചരിത്രത്തിനൊപ്പമാണ് ഇന്ന് ഗുജറാത്തിൽ ബിജെപി.  സംസ്ഥാനത്തെ എല്ലാ മേഖലയും പിടിച്ചടക്കിയാണ് ഈ കുതിപ്പ്. കഴിഞ്ഞ തവണ കോൺഗ്രസിന് മേധാവിത്വം നൽകിയ സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് തരിപ്പണമായി. തെക്കൻ ഗുജറാത്തിലും മധ്യഗുജറാത്തിലും കോൺഗ്രസിന് കരുത്തുള്ള വടക്കൻ ഗുജറാത്തിൽ പോലും ബിജെപിക്ക് എതിരില്ല. വോട്ട് വിഹിതം ഇത്തവണ 50 ശതമാനവും കടന്നു. മോ‍ർബി ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണ വിരുധ വികാരം അങ്ങനെ പ്രചാരണത്തിന്‍റെ തുടക്കത്തിൽ തലവേദനയായ വിഷയങ്ങളെല്ലാം ചിട്ടയായ പ്രചാരണത്തിലൂടെ മറികടക്കാൻ ബിജെപിക്കായി. മോദിയോട് ഗുജറാത്തികൾക്കുള്ള താത്പര്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയതിൽ നിന്ന് വ്യക്തമാണ്. വീണ്ടുമൊരിക്കൽ കൂടി അത് മുതലാക്കാൻ പ്രചാരണത്തിൽ മോദിയെ ഇറക്കി മോദിക്കായി വോട്ട് നൽകൂ എന്ന ആഹ്വാനമാണ് ബിജെപി നടത്തിയത്. ഏക സിവിൽ കോഡ്, ദ്വാരകയിൽ നിർമ്മിക്കുന്ന കൂറ്റൻ ശ്രീകൃഷ്ണ പ്രതിമ തുടങ്ങി ഗുജറാത്തിന്‍റെ മർമ്മമറിഞ്ഞുള്ള വാഗ്ദാനങ്ങളും ബിജെപി നൽകി. പ്രതിപക്ഷത്ത് വോട്ട് ഭിന്നിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ അനായാസമായി. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ കൂടി സാനിധ്യത്തിലാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുക. 

Read Also: 'ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണം'; ഗുജറാത്ത് തോല്‍വിയില്‍ കോണ്‍ഗ്രസ്

Follow Us:
Download App:
  • android
  • ios