കൊല്‍ക്കത്ത: ബംഗാളിലെ കുഛ്‌ബെഹാര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. കലാചന്ദ് കര്‍മാകര്‍ എന്ന പ്രവര്‍ത്തകനാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധവുമായി എത്തിയ ബിജെപി റോഡുപരോധിക്കുകയും വ്യാഴാഴ്ച 12 മണിക്കൂര്‍ ബന്ദ് ആചരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം സംഭവവുമായി ബന്ധമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

തുഫാന്‍ഗഞ്ചില്‍ ഷോപ്പ് നടത്തുന്നയാളാണ് കലാചന്ദ് കര്‍മാര്‍കര്‍. ബുധനാഴ്ച രാവിലെ അദ്ദേഹത്തിന്റെ കടയുടെ മുന്നില്‍ ഒരുസംഘമാളുകള്‍ സംഘര്‍ഷമുണ്ടാക്കിയെന്നും കര്‍മാര്‍ക്കറിന് മര്‍ദ്ദനമേല്‍ക്കുകയും ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ അടക്കമുള്ള ബിജെപി നേതാക്കള്‍ തൃണമൂലിനെതിരെ രംഗത്തെത്തി. തൃണമൂലിന്റെ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നും നടപടിയെടുക്കുന്നതിന് പകരം സംഭവം ഒതുക്കി തീര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

അതേസമയം പ്രാദേശികമായി ഉണ്ടായ പ്രശ്‌നം രാഷ്ട്രീയവത്കരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും പൊലീസ് നടപടിയെടുത്തെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി അറിയിച്ചു.