ഒരു ചെരുപ്പിനുള്ളില്‍ കോപ്പി അടിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളൊരുക്കാനായി ഏകദേശം ആറ് ലക്ഷം രൂപയോളം ചെലവഴിച്ചതായാണ് പൊലീസ് പറയുന്നത്. 

ജയ്പൂര്‍: രാജസ്ഥാനില്‍(Rajasthan) അധ്യാപക യോഗ്യതാ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെരിപ്പിനുള്ളില്‍ ലക്ഷങ്ങള്‍ വില വരുന്ന ബ്ലൂടൂത്ത് ഡിവൈസ്(Bluetooth slippers) ഘടിപ്പിച്ചായിരുന്നു കോപ്പിയടി. ഹൈ ടെക്ക് കോപ്പിയടി(cheat in exam) നടത്തിയ മദൻലാൽ, ഓം പ്രകാശ്, ഗോപാൽ കൃഷ്ണ, കിരൺ, ത്രിലോക് ചന്ദ് എന്നിവരെ അധികൃതര്‍ കൈയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ അധ്യാപക യോഗത്യ പരീക്ഷ നടന്നത്. ബിക്കനീര്‍ പ്രദേശത്തെ പരീക്ഷ സെന്‍ററിലാണ് തട്ടിപ്പ് നടന്നത്. സിം കാർഡുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ബാറ്ററി എന്നിവ ചെരുപ്പിനുള്ളില്‍ പ്രത്യേക രീതിയില്‍ സജ്ജീകരിച്ച് ചെവിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന തരത്തിലുള്ള ഇയര്‍ ബഡ് ഉപയോഗിച്ചായിരുന്നു കോപ്പിയടി. 

ഒരു ചെരുപ്പിനുള്ളില്‍ കോപ്പി അടിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളൊരുക്കാനായി ഏകദേശം ആറ് ലക്ഷം രൂപയോളം ചെലവഴിച്ചതായാണ് പൊലീസ് പറയുന്നത്. പ്രതികളിലൊരാള്‍ രാജസ്ഥാന്‍ പൊലീസിലല്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടറാണെന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബിക്കനീർ എസ്പി പ്രീതി ചന്ദ്ര പറഞ്ഞു.

പരീക്ഷയ്ക്ക് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും ഹൈടെക്ക് കോപ്പിയടിശ്രമം നടന്നത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. കോപ്പിയടിക്കുള്ള സജ്ജീകരണങ്ങളൊരുക്കിയതിന് പിന്നില്‍ ബിക്കനീറിലെ ഒരു കോച്ചിംഗ് സെന്‍ററിന്‍റെ ഉടമയായ തുളസി റാം കലർ ആണെന്നാണ് പൊലീസ് പറയുന്നത്. 

ഇയാള്‍ നേരത്തേയും സമാനമായ തട്ടിപ്പ് കേസുകളിൽ പിടിയിലായിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ നടത്തിയ പരീക്ഷയില്‍ 33 ജില്ലകളിലായി 3,993 കേന്ദ്രങ്ങളിൽ 16.51 ലക്ഷം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.