ബഹുനില ഹോട്ടല്‍ കെട്ടിടം തകര്‍ന്നുവീണാണ് വിജയ് കുമാര്‍ മരിച്ചത്. 

ദില്ലി: തുര്‍ക്കിയിലെ ഭൂചലനത്തില്‍ കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്‍റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. താമസിച്ചിരുന്ന ഹോട്ടലിന്‍റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

തുർക്കി സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം കാൽലക്ഷം കവിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ഇന്ന് റിക്ടർ സ്കെയിലിൽ 4.5 തീവ്രതയുള്ള തുടർചലനം രേഖപ്പെടുത്തി. ദുരന്തം നടന്ന് ആറാം ദിവസം അവസാനിക്കേ, തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നടത്തുന്ന തിരച്ചിലിന്‍റെ വേഗം കുറഞ്ഞു. ജീവനോടെ ആരെയെങ്കിലും കണ്ടെത്താനാകും എന്ന പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ച നിലയിലാണ്.

അതിജീവിതർക്കായുള്ള തിരച്ചിലിനേക്കാൾ ഇപ്പോൾ തുർക്കിയിൽ നടക്കുന്നത് തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലിയാണ്. അതിനുവേണ്ടി ജെസിബികളും മറ്റുപകരണങ്ങളും രാപ്പകലില്ലാതെ അധ്വാനിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അപൂർവം ചിലരെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിക്കുന്നുണ്ടെങ്കിലും കോൺക്രീറ്റ് കൂനകൾ മാറ്റുമ്പോൾ പുറത്തുവരുന്നതിൽ ഭൂരിഭാഗവും ചേതനയറ്റ ദേഹങ്ങളാണ്.