തമിഴ്നാട് രാജ്ഭവന് നേരെ ബോംബെറിഞ്ഞ സംഭവം; അന്വേഷണം സിബിഐക്കോ എൻഐഎക്കോ വിടണമെന്ന് കേന്ദ്രമന്ത്രി
സ്റ്റാലിന്റെ പൊലീസ് ഉറങ്ങുകയാണെന്നും ഗവർണർ പോലും സംസ്ഥാനത്ത് സുരക്ഷിതരല്ല എന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ചെന്നൈ: തമിഴ്നാട് രാജ്ഭവന് നേരയുണ്ടായ ബോംബേറിൽ അന്വേഷണം സിബിഐക്കോ എൻഐഎക്കോ വിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എൽ മുരുകൻ. സ്റ്റാലിന്റെ പൊലീസ് ഉറങ്ങുകയാണെന്നും ഗവർണർ പോലും സംസ്ഥാനത്ത് സുരക്ഷിതരല്ല എന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഡിഎംകെ ഭരണഘടനയെ ആക്രമിക്കുന്നു. തമിഴ്നാട്ടിൽ രാഷ്‌ട്രപതിഭരണം തല്ക്കാലം ആലോചനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ ഗവർണർക്കെതിരെ ചെന്നൈ പൊലീസ് അസാധാരണ വാർത്താ സമ്മേളനം നടത്തിയിരുന്നു. രാജ്ഭവന് നേരെയുണ്ടായ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഒന്നിലധികം പേർ ചേർന്നാണ് രാജ്ഭവന് നേരെ ബോംബെറിഞ്ഞതെന്ന് ആരോപണമുയർന്ന സാഹചര്യത്തിലായിരുന്നു പൊലീസ് വിശദീകരണം നൽകിയത്. പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ പ്രതി കറുക വിനോദ് മാത്രമാണുള്ളതെന്ന് വ്യക്തമാകുന്നുണ്ട്. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായിട്ടാണ് ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും വാർത്താ സമ്മേളനം നടത്തിയത്.
ഒരാൾ മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയതെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ ജാഗ്രതയെ തുടർന്ന് പ്രതിയെ ഉടൻ തന്നെ പിടിക്കാൻ സാധിച്ചെന്നും ഡിജിപി ആരോപണത്തിന് മറുപടി നൽകിയിരുന്നു. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗവർണർക്ക് മതിയായ സുരക്ഷ നൽകുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. കോൺസ്റ്റബിളിന്റെ പരാതിയിൽ അന്നേ ദിവസം വൈകിട്ട് അഞ്ചിന് തന്നെ കേസെടുത്തിരുന്നു. എന്നാൽ രാജ്ഭവൻ പരാതി നൽകിയത് രാത്രി 10:15നാണെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.
മൂന്ന് ദിവസം മുമ്പാണ് രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്ക് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. മുൻപ് തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാൾ ബോംബ് എറിഞ്ഞിട്ടുണ്ട്.
തമിഴ്നാട് രാജ്ഭവന് നേരെ ബോംബേറ്; ആരോപണങ്ങൾ തെറ്റ്, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്