തന്റെ സമ്മതത്തോടെയാണ് കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് 15കാരി കോടതിയില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കീഴ്‌ക്കോടതി വിധി താല്‍ക്കാലികമായി റദ്ദാക്കിയത്. 

മുംബൈ: പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഇപ്പോഴും തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി. 15 വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുവായ 19കാരനെതിരെയുള്ള പോക്‌സോ നിയമപ്രകാരം ശിക്ഷിച്ച വിധി താല്‍ക്കാലികമായി റദ്ദാക്കി, പ്രതിക്ക് ജാമ്യം നല്‍കിയതിന് ശേഷമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തന്റെ സമ്മതത്തോടെയാണ് കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് 15കാരി കോടതിയില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കീഴ്‌ക്കോടതി വിധി താല്‍ക്കാലികമായി റദ്ദാക്കിയത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്‌സോ നിയമം നിര്‍ണായകമാണെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം തര്‍ക്കവിഷയമാണെന്നും കോടതി നിരീക്ഷിച്ചു. 18 വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായാണ് നിയമം പരിഗണിക്കുന്നത്. എന്നാല്‍ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പട്ടതെന്ന് ഇവര്‍ പറഞ്ഞാല്‍ നിയമപരമായി സാധുതയില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടി മൊഴിമാറ്റിയതും ശാസ്ത്രീയ തെളിവുകളുടെ അഭാവവുമാണ് പ്രതിക്ക് ജാമ്യം നല്‍കാന്‍ കാരണം. കീഴ്‌ക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വിചാരണ തുടരും. വിചാരണക്ക് പ്രതി കൃത്യമായി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.