ചെന്നൈ: ആയുധവുമായി വീടിനുള്ളില്‍ കയറിയ മോഷ്ടാക്കളെ ചെരുപ്പും പ്ലാസ്റ്റിക് കസേരയും ഉപയോഗിച്ച് തുരത്തിയ വയോധിക ദമ്പതികള്‍ക്ക് ധീരതാ പുരസ്കാരം. തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശികളായ 70-കാരനായ ഷണ്‍മുഖവേലിനും ഭാര്യ സെന്താമരയ്ക്കുമാണ് പുരസ്കാരം ലഭിച്ചത്.

വെട്ടുകത്തിയുമായെത്തിയ മുഖംമൂടി ധരിച്ച രണ്ട് കള്ളന്‍മാരെ ഷണ്‍ർമുഖവേലും സെന്താമരയും ചേര്‍ന്ന് തുരത്തുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായത്. ഇതോടെ വയോധികദമ്പതിമാരുടെ ധീരത ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടറുടെയും പൊലീസ് സൂപ്രണ്ടിന്‍റെയും ശുപാര്‍ശ പരിഗണിച്ചാണ് ഇവര്‍ക്ക് ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇരുവര്‍ക്കും പുരസ്കാരം സമ്മാനിച്ചത്.