കർണാടക: കർഷക സ്ത്രീയെ റാസ്കൽ മിണ്ടാതിരിക്ക് എന്ന് വിളിച്ച മന്ത്രിയ്ക്ക് പരസ്യമായി താക്കീത് നൽകി കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കർണാടക നിയമ മന്ത്രി ജെ സി മധുസ്വാമിയെ ആണ് യെദിയൂരപ്പ ശാസിച്ചത്. ഒരു മന്ത്രിക്ക് യോജിക്കാത്ത വാക്കുകളാണിത് എന്നായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. 

കര്‍ണാടകയിലെ കോലാറിലാണ് സംഭവം. ജലസേചനവകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി മധുസ്വാമി കോറമംഗള-ചല്ലാഗാട്ട മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയൊണ് കര്‍ഷകസ്ത്രീയോട് ആക്രോശിച്ചത്.  ഈ മേഖലയിലെ 1022 ഏക്കര്‍ ഭൂമിയിലെ കയ്യേറ്റത്തില്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകസ്ത്രീ മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ സ്ത്രീയോട് 'മിണ്ടാതിരിക്ക്' എന്നാക്രോശിച്ച് മന്ത്രി തട്ടിക്കയറുന്നത് കാണാം. തുടർന്ന് പൊലീസ് എത്തി ഇവരെ പിടിച്ചു മാറ്റുകയും ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് പരക്കെ വിമർശനമുയർന്നതോടെയാണ് മന്ത്രിയെ താക്കീത് ചെയ്ത് യെദിയൂരപ്പ രം​ഗത്തെത്തിയത്.

'അദ്ദേഹം ചെയ്തത് തെറ്റാണ്. ഞാനദ്ദേഹത്തെ താക്കീത് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ മോശം പദപ്രയോ​ഗം നടത്തുന്നത് ക്ഷമിക്കാൻ കഴിയില്ല. ഇത്തരം പെരുമാറ്റം ഒരു മന്ത്രിക്ക് യോജിച്ചതല്ല. മാധ്യമങ്ങളിൽ നിന്നാണ് സംഭവത്തെ ക്കുറിച്ച് അറിഞ്ഞത്. ആ സ്ത്രീയെ കാണാൻ പോകുന്നുണ്ട്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കും.' മാധ്യമപ്രവർത്തകരോട് സംസാരിക്കവേ യെദിയൂരപ്പ പറഞ്ഞു. അതേ സമയം തന്റെ വാക്കുകൾ സ്ത്രീയെ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നതായി മധു സ്വാമി അറിയിച്ചു. തന്നോട് സ്ത്രീ പരിധി വിട്ടു പെരുമാറിയെന്നാണ് മധുസ്വാമിയുടെ പ്രതികരണം.