പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം കാള 40 ഗ്രാം സ്വര്‍ണവും വിഴുങ്ങി.  മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കാള സ്വര്‍ണം വിഴുങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞു. 

സിര്‍സ (ഹരിയാന): പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം കാള വിഴുങ്ങിയത് 40 ഗ്രാം സ്വര്‍ണം. ഹരിയാനയിലെ സിര്‍സയില്‍ കലനവാലി സ്വദേശിയായ ജനക് രാജിന്‍റെ ഭാര്യയുടെയും മരുമകളുടെയും സ്വര്‍ണമാണ് കാള വിഴുങ്ങിയത്. 

ഒക്ടോബര്‍ 19-നാണ് സംഭവം. പച്ചക്കറി മുറിക്കുന്നതിനിടെ ജനക് രാജിന്‍റെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണാഭരണങ്ങള്‍ പച്ചക്കറി മുറിച്ച പാത്രത്തില്‍ ഊരിവെച്ചു. ബാക്കി വന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ പാത്രത്തിനടുത്ത് കൂട്ടി വെക്കുകയും ചെയ്തു. എന്നാല്‍ പാത്രത്തില്‍ നിന്നും സ്വര്‍ണം എടുക്കാന്‍ മറന്ന ഇവര്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണവും പുറത്തുകളഞ്ഞു. അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച മാലിന്യക്കൂമ്പാരത്തില്‍ നിന്നും സ്വര്‍ണവും കാള അകത്താക്കുകയായിരുന്നു. സ്വര്‍ണം കാള വിഴുങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി ജനക് രാജ് പറഞ്ഞു.

പിന്നീട് ജനക് രാജും കുടുംബവും കാളയ്ക്കു വേണ്ടി തിരച്ചില്‍ നടത്തി മൃഗഡോക്ടറുടെ സഹായത്തോടെ പിടികൂടി വീടിനടുത്തുള്ള പറമ്പലില്‍ കെട്ടിയിട്ടു. സ്വര്‍ണം ചാണകത്തിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയില്‍ കാളയ്ക്ക് ഭക്ഷണം നല്‍കുകയാണ് വീട്ടുകാര്‍. സ്വര്‍ണം ലഭിച്ചില്ലെങ്കില്‍ കാളയെ ഗോശാലയിലേക്ക് വിടുമെന്ന് ജനക് രാജ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.