Asianet News MalayalamAsianet News Malayalam

മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ് ആപ്പ് കേസ്, മുഖ്യപ്രതിയായ യുവതി അറസ്റ്റിൽ

മുസ്ലിം സ്ത്രീകൾക്കെതിരായി വിദ്വേഷപ്രചാരണം നടത്തിയ ഈ സ്ത്രീ ഉത്തരാഖണ്ഡ് സ്വദേശിയാണ്. ഇവർക്ക് വ്യാജപേരിൽ പല അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഇന്നലെ അറസ്റ്റിലായ ഇരുപത്തിയൊന്നുകാരനുമായി ഇവർക്ക് അടുത്ത പരിചയമുണ്ട്.

Bully Bai Case Main Accused Arrested From Uttarakhand
Author
Mumbai, First Published Jan 4, 2022, 5:56 PM IST

മുംബൈ: മുസ്ലിം സ്ത്രീകൾക്കെതിരായി വിദ്വേഷപ്രചാരണം നടത്തിയ ബുള്ളി ബായ് എന്ന മൊബൈൽ ആപ്ലിക്കേഷന് പിന്നിൽ ഉത്തരാഖണ്ഡ് സ്വദേശിനിയെന്ന് പൊലീസ്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖരായ മുസ്ലിം സ്ത്രീകളെ അടക്കം ലിസ്റ്റ് ചെയ്ത് ചിത്രങ്ങൾ സഹിതം ലേലത്തിന് വച്ച് അപമാനിച്ച ഇവർക്ക് വ്യാജപേരിൽ സമൂഹമാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകളുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ ഇരുപത്തിയൊന്നുകാരനുമായി ഇവർക്ക് അടുത്ത പരിചയമുണ്ട്.

ഡെറാഡൂണിൽ വച്ചാണ് ഈ യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ട്രാൻസിറ്റ് റിമാൻഡ് കിട്ടിയ ശേഷം ഇവരെ മുംബൈയിലേക്ക് കൊണ്ടുവരും. ഇതിന് മുമ്പ് അറസ്റ്റിലായ വിശാൽ കുമാർ എന്ന യുവാവിനെ ഓൺലൈൻ വഴിയാണ് യുവതി പരിചയപ്പെടുന്നത്. പിന്നീട് കൂടുതലടുത്തു. ഇതിന് ശേഷമാണ് ഇത്തരമൊരു ആപ്ലിക്കേഷൻ ഉണ്ടാക്കുന്നതിലേക്ക് നീങ്ങിയത്. 

ബെംഗളുരുവിൽ നിന്നാണ് ഇന്നലെ ബി ടെക് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ഇരുപത്തിയൊന്നുകാരനായ ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഉത്തരാഖണ്ഡ് സ്വദേശിനിയെക്കുറിച്ച് വിവരങ്ങൾ കിട്ടിയത്. നേരത്തെ കേസിൽ കേന്ദ്രസർക്കാരിന്‍റെ ഉന്നതതല സംഘം അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചാണ് അന്വേഷണം നടത്തുന്നത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്. ബുള്ളി ബായ് ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് മലയാളികൾ അടക്കം ഇരയായിരുന്നു.

പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഈ ആപ്പ് കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിച്ചിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്‍റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‍വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്‍റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രചാരണം. കഴിഞ്ഞ വർഷം സുള്ളി ഡീൽസ് എന്ന പേരിൽ ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് ഇത്തരത്തിൽ സമാന പ്രചാരണം നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios