Asianet News MalayalamAsianet News Malayalam

യുപിയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരപീഡനം, ജുഡിഷ്യറി ഇടപെടണം; പ്രതികരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡും

ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ക്രൂരമായ പീഡനവും നിയമ ലംഘനങ്ങളാണെന്നും വിഷയത്തില്‍ ജുഡിഷ്യറി ഇടപെടണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും രംഗത്ത്

caa protest Anurag Kashyap and others asked for  judicial probe in up protest
Author
Delhi, First Published Dec 26, 2019, 7:49 PM IST

ദില്ലി: പൗരത്വഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ക്രൂരമായ പീഡനവും നിയമ ലംഘനങ്ങളാണെന്നും വിഷയത്തില്‍ ജുഡിഷ്യറി ഇടപെടണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും രംഗത്ത്. അനുരാഗ് കശ്യപ്, കങ്കണാസെന്‍, അപര്‍ണാസെന്‍,
അലകൃത ശ്രീവാസ്തവ, സ്വരഭാസ്ക്കര്‍, കുബ്രസെയ്ത് മല്ലിക ദുവ തുടങ്ങി ബോളീവുഡ് താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശില്‍ പൗരത്വഭേദഗതിക്കെതിരെയും എന്‍ ആര്‍ സിക്കെതിരെയും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. പ്രതികരിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയിരിക്കുന്നു. ഞങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രതികാരനടപടിയെടുക്കും എന്നാണ് യുപി മുഖ്യമന്ത്രിയുടെ നിലപാടെന്ന് ബോളീവുഡ് താരം കുബ്രാ സെയ്ത് പറഞ്ഞു. യുപിയില്‍ നടക്കുന്ന ക്രൂര കൃത്യങ്ങള്‍ക്കെതിരെ ജുഡീഷ്യറി ഇടപെടേണ്ട സമയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കുബ്രാ സെയ്ത്തിന്‍റെ വാക്കുകള്‍: 

'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഒരു പൗരയെന്ന നിലയില്‍ അഭിമാനിച്ചിരുന്നു. എന്നാല്‍  ഈയടുത്തുണ്ടായ ചില വിഷയങ്ങളും, ചില വാര്‍ത്തകളും എന്നെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രക്ഷോഭം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാ പൗരനും പ്രതികരിക്കാനുള്ള അവകാശങ്ങളുണ്ട്. എന്നാല്‍ യുപിയില്‍ അത്തരത്തില്‍ യാതൊരു അവകാശങ്ങളും ജനങ്ങള്‍ക്ക് ഇപ്പോഴില്ല. നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രതികാരനടപടിയെടുക്കും എന്നാണ് യുപി മുഖ്യമന്ത്രിയുടെ നിലപാട്. 

നിയമം സംരക്ഷിക്കേണ്ടവരാണ് ഇവിടെ നിയമം കൈയ്യിലെടുക്കുന്നത്. ജുഡീഷ്യറി ഇടപെടേണ്ട സമയമാണിത്. അത്തരത്തിലുള്ള സാഹചര്യമാണ് ഉത്തര്‍പ്രദേശില്‍ ഇപ്പോഴുള്ളത്. അവിടെ നടക്കുന്ന കാര്യങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ബോളീവുഡ് സിനിമാ താരം കുബ്രാ സെയ്ത് പറഞ്ഞു. 'യുപിയില്‍ പ്രതിഷേധക്കാരെ പൊലീസ് ആക്രമിക്കുകയാണ്. ഇന്‍റര്‍നെറ്റ് അടക്കം വിഛേദിച്ചിരിക്കുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നേരെ ആക്രമണം നടക്കുന്നു'. കോടതി ഇടപെടേണ്ട സമയമാണെന്നും സംവിധായകന്‍ അനുരാഗ് കശ്യപ് പ്രതികരിച്ചു. 

'പൊതുസ്വത്ത് നശിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നില്ല. അതേസമയം പ്രതിഷേധിക്കുകയെന്നത്  ജനാധിപത്യ അവകാശമാണ്. സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിഛേദിച്ചിരിക്കുകയാണ്. വിവരങ്ങളെന്നും പുറത്തറിയുന്നില്ല. ആരെയാണ് ഭരണകൂടം ഭയപ്പെടുന്നത്. യുപിയിലെ ജനങ്ങള്‍ എന്തെങ്കിലും പുറത്ത് പറയുമോയെന്ന് അവര്‍ ഭയപ്പെടുന്നുണ്ടോ?'. എത്രകാലം ഇങ്ങനെ മുന്നോട്ട് പോകുമെന്നും ബോളിവുഡ് താരം മല്ലിക ദുവ ചോദിച്ചു. 

അതേസമയം  ഉത്തര്‍പ്രദേശില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ക്രൂരമായ പീഡനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളീവുഡ് താരങ്ങളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ക്രൂരമായ പീഡനമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും പ്രധാനമായും പ്രതിഷേധിക്കുന്ന മുസ്‍ലിം വിഭാഗത്തിനെതിരെയാണ് ഉത്തര്‍പ്രദേശില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. പൗരത്വഭേദഗതിക്കെതിരെയോ, എന്‍ആര്‍സിക്കെതിരെയോ നടക്കുന്ന പ്രതിഷേധം ഇല്ലാതാക്കാനുള്ള ശ്രമം മാത്രമല്ല നടക്കുന്നത്. എന്തെങ്കിലും വിഷയത്തോട് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് യുപിയില്‍ നടക്കുന്നത്. നിയമം പൂര്‍ണമായും ലംഘിച്ചുകൊണ്ട് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും യോഗേന്ദ്രയാദ് അടക്കമുള്ളവര്‍ ആരോപിച്ചു.

Follow Us:
Download App:
  • android
  • ios