രാംപുര്‍: ദലിത് കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് പറഞ്ഞ് മേല്‍ ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വീട്ടില്‍നിന്ന് പാത്രം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. യുപിയിലെ രാംപുരിലെ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളില്‍ എല്ലാ പാത്രത്തിലും എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം. ഞങ്ങള്‍ക്കത് പറ്റില്ല. അതാണ് വീട്ടില്‍നിന്ന് പാത്രം കോണ്ടുവരുന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 

വീട്ടില്‍നിന്ന് പാത്രം കൊണ്ടുവരരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രവണത തുടരുന്നതായി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കണമെന്നാണ് ഞങ്ങള്‍ കുട്ടികളോട് പറയുന്നത്. എന്നാല്‍ മേല്‍ ജാതിയില്‍പ്പെട്ട കുട്ടികള്‍ അനുസരിക്കുന്നില്ല. അവര്‍ ഭക്ഷണം കഴിക്കുന്നത് മാറിയിരുന്നാണ്. താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് അവര്‍ക്ക് വീട്ടില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നതെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.