പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന പീറ്റര്‍ ഫള്‍ജാന്‍സ് (50), ബെലാസസ് ടിര്‍ക്കി (60), ജനറുഷ് മിന്‍സ് (40) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

റാഞ്ചി: കാളയെ കൊന്നെന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സംഭവത്തിൽ മർദ്ദനമേറ്റവർക്കെതിരെ 
കേസെടുത്ത് പൊലീസ്. പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന പീറ്റര്‍ ഫള്‍ജാന്‍സ് (50), ബെലാസസ് ടിര്‍ക്കി (60), ജനറുഷ് മിന്‍സ് (40) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ ആദിവാസിയായ പ്രകാശ് ലാക്ര എന്നയാൾ കൊല്ലപ്പെട്ടിരുന്നു. 

ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയായ ജര്‍മോ ഗ്രാമത്തിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. 20 വയസ്സ് പ്രായമായ കാള പാടത്ത് ചത്ത് വീഴുകയായിരുന്നു. തുടർന്ന് നാലം​ഗ സംഘം ചത്ത കാളയെ കശാപ്പ് ചെയ്തു. ഇതറിഞ്ഞ് അയല്‍ ഗ്രാമത്തില്‍നിന്ന് ആയുധങ്ങളുമായി അക്രമി സംഘമെത്തി ക്രൂരമായി ഇവരെ മര്‍ദിക്കുകയായിരുന്നു. 

നാല് പേരെ ക്രൂരമായി മര്‍ദിച്ച അക്രമി സംഘം ഇവരെ പൊലീസ് സ‍റ്റേഷനിലേക്ക് കൊണ്ടു പോയി. പൊലീസാണ് ഗുരതരമായി പരിക്കേറ്റ നാല് പേരെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ പ്രകാശിനെ രക്ഷിക്കാനായില്ല. പ്രകാശിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചേര്‍ത്ത ഏഴു പേരില്‍ രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു.