കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. കന്നട സംഘടനകളുടെ പ്രതിഷേധം ശക്തമായതിനാലും അനുയോജ്യമായ സാഹചര്യമല്ലാത്തതിനാലുമാണ് തീരുമാനം
ബംഗളൂരു: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ നടത്താനിരുന്ന കൂടിക്കാഴ്ച ഉടൻ നടക്കില്ലെന്ന് ഉറപ്പായി. തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. തമിഴ്‌നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്നും, അതിനാൽ തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വരേണ്ടതില്ലെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിക്കാനാണ് കർണാടകയുടെ തീരുമാനം. കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചതോടെയാണ് കർണാടക സർക്കാർ കൂടിക്കാഴ്ച നീട്ടിയത്. വെള്ളം വേണ്ടെന്ന് പറയാതെ വിജയ്നെ ബെംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിമാനത്താവളത്തിൽ തടയുമെന്നുമാണ് വിവിധ സംഘടനകളുടെ മുന്നറിയിപ്പ്.
കർണാടകയിൽ ബന്ദ്
കാവേരി നദീജല പ്രശ്നത്തിൽ ഓഗസ്റ്റ് 13 ന് കന്നഡ സംഘടനകൾ സംസ്ഥാനത്ത് ബന്ദിനും ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്. തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി ഡബ്ല്യു ആർ സി) ഉത്തരവിട്ടതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. കാവേരിയിലെ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമെന്നാണ് കർണാടകയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി ഡബ്ല്യ എം എ യെ വീണ്ടും സമീപിക്കാനാണ് കർണാടകയുടെ തീരുമാനം. വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളം മുട്ടുമെന്നാണ് കർണാടകയുടെ ആശങ്ക. കർണാടക പ്രതിദിനം 3,500 ക്യുസെക്സ് വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വെള്ളം തുറന്നു വിടണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ഉത്തരവ്. തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി ജലതർക്കം വീണ്ടും സജീവമായിരിക്കുകയാണ്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും ചൂണ്ടിക്കാട്ടി ഈ ഉത്തരവിനെതിരെ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് കർണാടക. എന്നാൽ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം. കർണാടകയിലെ കുടക് ജില്ലയിൽ നിന്നുത്ഭവിക്കുന്ന കാവേരി നദി, കർണാടകയിലൂടെ ഒഴുകി തമിഴ്‌നാട്ടിൽ പ്രവേശിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. നദിയുടെ തുടക്കം കർണാടകയുടെ നിയന്ത്രണത്തിൽ ആയതിനാൽ, മഴക്കുറവുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. 1990-ൽ ആണ് കേന്ദ്ര സർക്കാർ കാവേരി വാട്ടർ ഡിപ്യൂട്ട്‌സ് ട്രിബ്യൂണൽ രൂപീകരിച്ചത്. മൺസൂൺ കാലത്ത് മഴ കുറയുമ്പോഴാണ് ഈ തർക്കം എല്ലാ വർഷവും വീണ്ടും ഉയർന്നു വരുന്നത്. ലഭ്യമായ വെള്ളം ഇരു സംസ്ഥാനങ്ങളുടെയും പൂർണ്ണ ആവശ്യങ്ങൾ നിറവേറ്റാൻ തികയാതെ വരുമ്പോൾ നിയമ പോരാട്ടങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും ഉണ്ടാകുന്നു.
