Asianet News MalayalamAsianet News Malayalam

ഐഎൻഎക്സ് മീഡിയ കേസ്: സുപ്രധാന രേഖകൾ നശിപ്പിക്കപ്പെട്ടെന്ന് സിബിഐ

അതേസമയം, സിബിഐ വാദം തെറ്റാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ പറ‍ഞ്ഞു.

cbi says main evidence destroyed for inx media case
Author
Delhi, First Published Sep 27, 2019, 5:26 PM IST

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിലെ സുപ്രധാന രേഖകളെല്ലാം നശിപ്പിക്കപ്പെട്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. സന്ദർശക ഡയറി ഉൾപ്പടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും സിബിഐ പറഞ്ഞു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം, സിബിഐ വാദം തെറ്റാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ പറ‍ഞ്ഞു.

കേസില്‍ നിര്‍ണായക സാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റ തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്ന് സിബിഐ പറഞ്ഞു. നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാല്‍ കേസില്‍ ചിദംബരത്തിനെതിരെ നിര്‍ണായക മൊഴി നല്‍കിയത് ഇന്ദ്രാണിയായിരുന്നു. ചിദംബരം ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റെ സന്ദര്‍ശക വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അതിപ്പോള്‍ കാണാനില്ലാത്ത അവസ്ഥയിലാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ദില്ലി ഹൈക്കോടതിയില്‍ വ്യക്തമാക്കി. 

ഐഎന്‍എക്‌സ് മീഡിയയില്‍ ഇന്ദ്രാണി മുഖര്‍ജി താല്‍പര്യം ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് വേണ്ടിയാണ് ഇന്ദ്രാണിയും ചിദംബരവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ നിര്‍ണായക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് സിബിഐയുടെ വാദം. ഇതോടെ കേസിലെ നിര്‍ണായക തെളിവുകള്‍ ഇല്ലാതായിരിക്കുകയാണ്. ചിദംബരത്തിന് ജാമ്യം കിട്ടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇത് പ്രതിഫലിക്കും. നേരത്തെ ചിദംബരത്തിന് വേണ്ടി വാദിച്ച കപില്‍ സിബല്‍ ഇന്ദ്രാണി മുഖര്‍ജിയും ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് തെളിവില്ലെന്ന് ആരോപിച്ചിരുന്നു. 

ഓ​ഗസ്റ്റ് 21മുതൽ അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത പി ചിദംബരം സെപ്റ്റംബർ അഞ്ചാം തീയതി മുതൽ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് ഉള്ളത്. ചിദംബരത്തിന്‍റെ കസ്റ്റഡി അടുത്ത മാസം മൂന്ന് വരെ നീട്ടിയിരുന്നു. ഐഎൻഎക്‌സ് ഫയലില്‍ ഒപ്പുവച്ചവരില്‍ ധനമന്ത്രി മാത്രം പ്രതിയായതില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നേരത്തെ കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു.

ഐഎൻഎക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം അനുവദിച്ച ഫയലിൽ ഒപ്പുവെച്ച 11 ഉദ്യോഗസ്ഥരെ സിബിഐ കേസിൽ പ്രതിയാക്കിയില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടിയിരുന്നു. ഇവരെ വേണ്ട വിധം ചോദ്യം ചെയ്തില്ലെന്നും ഫയലില്‍ ഒപ്പുവച്ചവരിൽ ധനമന്ത്രി പി ചിദംബരം മാത്രം കേസിൽ പ്രതിയായതിൽ ദുരൂഹതയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു.

ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്, എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios