ദില്ലി: ഏറെ വിവാദമായ ഹാഥ്‌റസ് ബലാത്സംഗ, കൊലപാതകക്കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ സിബിഐ ഏറ്റെടുത്തു.  കേസ് എറ്റെടുക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.കേസ് സിബിഐക്ക് കൈമാറുന്നതിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. അതേ സമയം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ നിലപാട്. ആദ്യം ഉത്തര്‍പ്രദേശ് പൊലീസും പിന്നീട് സ്‌പെഷ്യന്‍ അന്വേഷണ സംഘവുമായിരുന്നു കേസ് അന്വേഷിച്ചത്.

അന്വേഷണം സംബന്ധിച്ച് കുടുംബാംഗങ്ങളില്‍ നിന്നടക്കം നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിബിഐക്ക് വിടുന്നത്. സെപ്റ്റംബര്‍ 14നാണ് ഹാഥ്‌റസില്‍ 19കാരിയാ ദലിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 29ന് പെണ്‍കുട്ടി ദില്ലിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പുലര്‍ച്ചെ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് ദഹിപ്പിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയികുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവരാണ് നാല് പ്രതികളും.